തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.സി വേണുഗോപാൽ. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(The date was announced so early to cut down on election campaign time, says KC Venugopal)
ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിലൂടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കേണ്ട പ്രചാരണ സമയം വെട്ടിക്കുറച്ചുവെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ പ്രധാന ആഘോഷങ്ങൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി വരുന്നു. ഇതോടെ സ്ഥാനാർത്ഥികൾക്ക് ഫലപ്രദമായി പ്രചാരണം നടത്താൻ വെറും പത്ത് ദിവസം മാത്രമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചത് കോൺഗ്രസ് പ്രചാരകർക്ക് പരിമിതികൾ ഏർപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടെടുപ്പ് ഇത്ര നേരത്തെ നടത്തിയിട്ടും വോട്ടെണ്ണൽ മെയ് നാലാം തീയതിയിലേക്ക് മാറ്റിവെച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇനി 25 ദിവസം കഴിഞ്ഞാൽ കേരളത്തിൽ ഭരണം മാറും എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

