കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ പ്രതിഷേധം കെപിസിസിയുടെ ഇടപെടലോടെ താൽക്കാലികമായി അവസാനിച്ചു.(Sandeep Varier to contest in Thrikaripur, KPCC cools down DCC’s opposition)
സന്ദീപ് വാര്യരെ തൃക്കരിപ്പൂരിൽ പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഡിസിസി പ്രസിഡന്റ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഡിസിസിയുടെ ആവശ്യം.
പ്രതിഷേധം ചർച്ച ചെയ്യാൻ ഇന്നലെ യോഗം ചേർന്നിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് നിശ്ചയിച്ചിരുന്ന നിർണ്ണായക യോഗം കെപിസിസി നേതൃത്വം ഇടപെട്ടതിനെത്തുടർന്ന് റദ്ദാക്കി. പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ടാക്കുമെന്ന് ഡിസിസി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കെപിസിസി നിലപാടിൽ ഉറച്ചുനിന്നതോടെ ജില്ലാ നേതൃത്വം വഴങ്ങുകയായിരുന്നു.

