കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ കെ. സുധാകരൻ പാർട്ടി നേതൃത്വവുമായി പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. ഈ വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.(I’m going my own way, K Sudhakaran bids farewell to Congress?)
സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരം അറിയിച്ച മുതിർന്ന നേതാക്കളോട് സുധാകരൻ ക്ഷുഭിതനായി പ്രതികരിച്ചതായാണ് വിവരം. കെ.സി. വേണുഗോപാലിനോട് ‘ഗുഡ് ബൈ’ പറഞ്ഞാണ് അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കണ്ണൂരിൽ ടി.ഒ. മോഹനനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി തയ്യാറെടുക്കുമ്പോൾ, അവിടെ സുധാകരൻ സ്വതന്ത്രനായി മൽസരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പത്രിക സമർപ്പിക്കാനാവശ്യമായ രേഖകളെല്ലാം അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞു. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അവസാന ഘട്ടത്തിൽ സുധാകരൻ ഉയർത്തുന്ന വെല്ലുവിളിയെ ഗൗരവത്തോടെയാണ് എഐസിസി കാണുന്നത്

