തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.(Do not open the rooms until the counting of votes is completed, Chief Electoral Officer issues strict instructions)
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്ത മുറികൾ മാത്രമല്ല, സീൽ ചെയ്യാത്ത മുറികളും വോട്ടെണ്ണൽ കഴിയുന്നതുവരെ തുറക്കാൻ പാടില്ല. നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്നെന്ന യുഡിഎഫ് പരാതിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ പാലക്കാട് വിക്ടോറിയ കോളേജിലും സമാനമായ നീക്കമുണ്ടായി.
നെന്മാറ മണ്ഡലത്തിലെ കണക്കുകൾ രേഖപ്പെടുത്തുന്നതിന് ഫോം 17A എടുക്കാൻ ‘മെറ്റീരിയൽ സ്ട്രോങ്ങ് റൂം’ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധിച്ചതോടെ കളക്ടർ എം.എസ്. മാധവിക്കുട്ടി ഈ നീക്കം തടഞ്ഞു. ഇവിഎം സൂക്ഷിച്ച മുറിയല്ല തുറക്കാൻ ഉദ്ദേശിച്ചതെന്ന് കളക്ടർ വിശദീകരിച്ചെങ്കിലും സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് നടപടി നിർത്തിവയ്ക്കുകയായിരുന്നു.
ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെന്ററിൽ തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്നും റിസർവ്വ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറിയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സ്ഥാനാർത്ഥികളെ അറിയിക്കാതെ ഇത്തരത്തിൽ മുറികൾ തുറന്നത് നടപടിക്രമങ്ങളുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ കളക്ടർ ഉടൻ റിപ്പോർട്ട് നൽകും.

