കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അഡ്വ. സഞ്ജയ് ഖാൻ. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നുണ്ടെങ്കിലും പത്രിക സമർപ്പിക്കാനാണ് സഞ്ജയ് ഖാന്റെ തീരുമാനം.(Another rebel move in Punalur poses a headache for UDF)
നേരത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ നെൽസൺ സെബാസ്റ്റ്യനെ വിമത സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വവും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും ഇടപെട്ടതോടെ നെൽസൺ സെബാസ്റ്റ്യൻ പിന്മാറുകയും മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രതിസന്ധി ഒഴിഞ്ഞുവെന്ന് നേതൃത്വം കരുതിയിരിക്കുമ്പോഴാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സഞ്ജയ് ഖാൻ അപ്രതീക്ഷിതമായി മത്സരരംഗത്തേക്ക് എത്തിയത്.
പുനലൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് തുടർച്ചയായി പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ട് സംസ്ഥാന നേതൃത്വം സീറ്റ് വീണ്ടും ലീഗിന് തന്നെ നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി സഞ്ജയ് ഖാൻ രംഗത്തിറങ്ങുന്നത്. അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

