വാഷിംഗ്ടൺ: സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ കർശന നടപടികളുമായി അമേരിക്ക. ഇറാന്റെ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ‘ഷാഡോ ബാങ്കിംഗ്’ ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.(US to lock down Iran economically, New sanctions on 35 entities and individuals)
ഭീകരവാദ പ്രവർത്തനങ്ങൾക്കും മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനുമായി കോടിക്കണക്കിന് ഡോളർ അനധികൃതമായി കൈമാറാൻ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ഇടനിലക്കാരെയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
അനധികൃത എണ്ണ വിൽപ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും ആയുധ ഇടപാടുകൾ നടത്തുന്നതിനും സഹായിക്കുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി ഇറാൻ സർക്കാരിനോ ഐആർജിസിക്കോ ‘ടോൾ’ നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ മരവിപ്പിക്കും. ഇവരുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെയും സ്ഥാപനങ്ങളെയും വിലക്കിയിട്ടുണ്ട്. ഇറാന്റെ സൈനിക ശേഷിയെ തളർത്താൻ ലക്ഷ്യമിട്ടുള്ള ഈ സാമ്പത്തിക ഉപരോധങ്ങൾ മേഖലയിലെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായകമാകും.

