വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ യോഗത്തിൽ ട്രംപ് വിവിധ സൈനിക നീക്കങ്ങൾ അവലോകനം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ തന്നെ അമേരിക്കൻ ഭാഗത്തുനിന്നും ഇറാന് നേരെ വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.(US Israel military deployment, US Prepares To Deploy More Refueling Aircraft To Israel)
ഇറാന്റെ ഊർജ്ജ-വൈദ്യുതി നിലയങ്ങൾ, ആണവ കേന്ദ്രങ്ങൾ, ഭൂഗർഭ സൈനിക താവളമായ ‘പിക്ആക്സ് മൗണ്ടൻ’ എന്നിവ ലക്ഷ്യമിട്ടുള്ള കടുത്ത ആക്രമണങ്ങളാണ് യുഎസിന്റെ പരിഗണനയിലുള്ളത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അമേരിക്കൻ വ്യവസ്ഥകൾ അംഗീകരിക്കാനും ഇറാനെ നിർബന്ധിതരാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തന്ത്രപ്രധാനമായ ഏഴ് പാലങ്ങൾ യുഎസ് തകർത്തിട്ടുണ്ട്. ഇതിന് മറുപടിയായി ജോർദാൻ, ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം ശക്തമാക്കി.
നിലവിൽ ഇസ്രായേലിലെ ബെൻ ഗുരിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം യുഎസ് ഇന്ധനവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാൻ ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷിതമായതിനാലാണ് ബെൻ ഗുരിയൻ വിമാനത്താവളം യുഎസ് സൈന്യം തിരഞ്ഞെടുക്കുന്നത്. എന്നാൽ, വേനൽക്കാല അവധിക്കാലത്തെ വാണിജ്യ വിമാന സർവീസുകളെ ഇത് ബാധിക്കുമെന്നതിനാൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിരോധ മന്ത്രാലയവും ഐഡിഎഫും ഇതിനെ എതിർത്തു. കൂടുതൽ വിമാനങ്ങൾക്ക് ഇടമൊരുക്കണമെന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.
Story Summary
The Trump administration has informed Israel of its plans to deploy dozens of additional military refueling aircraft as Washington considers expanding its military campaign against Iran. The proposed escalation, which may target Iranian energy infrastructure and underground nuclear sites, aims to pressure Tehran into reopening the Strait of Hormuz.


