വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ സ്തംഭിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. സമാധാന കരാറിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക പ്ലാനുകൾ പ്രസിഡന്റിന് സമർപ്പിച്ചു.(The West Asia is on fire again, Trump administration delivers 6,500 tons of military equipment to Israel)
യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രയേലിന് അമേരിക്ക നൽകിവരുന്ന സൈനിക സഹായം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 6,500 ടൺ യുദ്ധസാമഗ്രികളും അത്യാധുനിക സൈനിക വാഹനങ്ങളും ട്രംപ് ഭരണകൂടം ഇസ്രയേലിൽ എത്തിച്ചു.ഇതുവരെ 403 വിമാനങ്ങളിലും കപ്പലുകളിലുമായി 1.15 ലക്ഷം ടണ്ണിലധികം സൈനിക സാമഗ്രികളാണ് അമേരിക്ക കൈമാറിയത്.
ഇറാനിലെ തന്ത്രപ്രധാനമായ സൈനിക-സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള അതിശക്തമായ വ്യോമാക്രമണം, നിലവിലുള്ള ഇറാൻ തുറമുഖ ഉപരോധത്തിന് പുറമെ, ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായി തുറന്നുകൊടുക്കുക, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിക്കുക എന്നിവയാണ് ലക്ഷ്യം.
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാൻ സജ്ജമാണെന്നും ഇറാൻ സേന വ്യക്തമാക്കി. തങ്ങൾക്ക് മേഖലയിൽ സ്ഥാനമില്ലെന്ന അമേരിക്കയുടെ നിലപാടിനെ ഇറാൻ പരമോന്നത നേതാവ് തള്ളിക്കളഞ്ഞു. അമേരിക്കയുടെ നാവിക ഉപരോധത്തിന് നേരെ ഇറാൻ തിരിച്ചടി തുടങ്ങിയേക്കുമെന്നും നിരീക്ഷകർ കരുതുന്നു.

