ടെഹ്‌റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിൽ വാക്പോര് മുറുകുന്നു. തന്റെ ഇടപെടലിനെത്തുടർന്ന് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ഇറാൻ പിന്മാറിയെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ ഔദ്യോഗികമായി തള്ളി.(Execution of female protesters in Iran, nation rejects Trump’s claim)
തന്റെ വാക്കുകൾ ഇറാനും അവിടുത്തെ നേതാക്കളും മുഖവിലയ്‌ക്കെടുത്തുവെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിവെച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. “എട്ട് വനിതകളിൽ നാല് പേരെ ഉടൻ വിട്ടയക്കും. ബാക്കിയുള്ളവർക്ക് ഒരു മാസത്തെ തടവ് ശിക്ഷ മാത്രമേ ഉണ്ടാകൂ.” ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളെ വിട്ടയക്കണമെന്ന് ട്രംപ് നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയം അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്.
എന്നാൽ ട്രംപിന്റെ വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ജുഡീഷ്യറി വ്യക്തമാക്കി. ട്രംപ് വീണ്ടും വ്യാജ വാർത്തകൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘മിസാൻ ഓൺലൈൻ’ പരിഹസിച്ചു. വധശിക്ഷയുടെ വക്കിലാണെന്ന് ആരോപിക്കപ്പെട്ട സ്ത്രീകളിൽ ചിലരെ ഇതിനോടകം തന്നെ വിട്ടയച്ചു കഴിഞ്ഞു. തടവിൽ തുടരുന്നവർ ഗൗരവകരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കാവുന്നത് തടവുശിക്ഷ മാത്രമാണ്. വധശിക്ഷ വിധിച്ചിട്ടില്ല. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വനിതകളെ ഉപദ്രവിക്കരുതെന്ന ട്രംപിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.

