വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുൻപ് നടത്തിയ നീക്കങ്ങളെല്ലാം മുൻ യുഎസ് പ്രസിഡന്റുമാർ തള്ളിക്കളഞ്ഞതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ യുദ്ധ താൽപ്പര്യത്തോട് വിമുഖത കാട്ടിയതായി അദ്ദേഹം വെളിപ്പെടുത്തി.(3 US Presidents Rejected Netanyahu War Plan, Trump Agreed, says Ex-Top Official)
ഒബാമയും ബുഷും ബൈഡനുമെല്ലാം ‘നോ’ പറഞ്ഞു എന്നാണ് കെറി വ്യക്തമാക്കിയത്. “ആ ചർച്ചകളുടെയെല്ലാം ഭാഗമായിരുന്നു ഞാൻ. സമാധാനപരമായ മാർഗ്ഗങ്ങളെല്ലാം പൂർണ്ണമായും അവസാനിക്കാത്തതിനാലാണ് അവർ യുദ്ധത്തിന് സമ്മതിക്കാതിരുന്നത്,” കെറി പറഞ്ഞു. വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങൾ നൽകുന്ന പാഠം അമേരിക്കൻ ജനതയോട് കള്ളം പറയരുത് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റുമാർ തള്ളിയ നിർദ്ദേശം ഡൊണാൾഡ് ട്രംപിനെക്കൊണ്ട് നെതന്യാഹു സമ്മതിപ്പിച്ച രീതിയെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടു.
ഫെബ്രുവരി 11-ന് നടന്ന ചർച്ചയിൽ, ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ പറ്റിയ സമയമാണിതെന്നും യുഎസ്-ഇസ്രായേൽ സംയുക്ത നീക്കത്തിലൂടെ ഇത് സാധ്യമാണെന്നും നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. “അതൊരു നല്ല കാര്യമായി എനിക്ക് തോന്നുന്നു” എന്ന് ട്രംപ് പ്രതികരിക്കുകയും സംയുക്ത സൈനിക നീക്കത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. നെതന്യാഹുവിന്റെ പ്രവചനങ്ങൾ പാളിപ്പോയെന്നും ഇറാനിൽ ഭരണമാറ്റമോ ജനകീയ പ്രക്ഷോഭമോ അദ്ദേഹം അവകാശപ്പെട്ടതുപോലെ ഉണ്ടായില്ലെന്നും കെറി ചൂണ്ടിക്കാട്ടി.
അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നെതന്യാഹുവും തമ്മിൽ കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണം അത്യന്തം സംഘർഷഭരിതമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹു പുലർത്തുന്ന ശുഭാപ്തിവിശ്വാസത്തെ വാൻസ് ചോദ്യം ചെയ്തു. ഇറാനിൽ ഭരണമാറ്റമുണ്ടാകുമെന്ന നെതന്യാഹുവിന്റെ ഉറച്ച വിശ്വാസത്തിൽ വാൻസ് സംശയം പ്രകടിപ്പിച്ചു. യുദ്ധം ലളിതമായ ഒന്നായിരിക്കുമെന്ന് നെതന്യാഹു പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന നിലപാടാണ് വൈസ് പ്രസിഡന്റിനുള്ളതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

