ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതിനെ പരിഹസിച്ച് ഇറാൻ്റെ എഐ വീഡിയോ (Iran AI Video Trump Ceasefire). ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ‘സ്പോഞ്ച് ബോബ് സ്ക്വയർ പാന്റ്സ്’ എന്ന കാർട്ടൂണിലെ പ്രശസ്തമായ മീം ടെംപ്ലേറ്റ് ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
45 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, എഐ നിർമ്മിത ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധികൾക്കായി കാത്തിരിക്കുന്നത് കാണാം. “ഇറാനുമായി മികച്ച ചർച്ചകൾ നടക്കുകയാണ്” എന്ന് ട്രംപ് ടൈപ്പ് ചെയ്യുന്നതും എന്നാൽ ആരും വരാത്തതിനെത്തുടർന്ന് അദ്ദേഹം ദേഷ്യപ്പെടുന്നതുമാണ് വീഡിയോയുടെ സാരം. ചർച്ചയ്ക്ക് വന്നില്ലെങ്കിൽ ബോംബ് ഇടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ, ഒരാൾ വന്ന് “ഷട്ട് അപ്പ്, ട്രംപ്” (വായടയ്ക്കൂ ട്രംപ്) എന്നെഴുതിയ കുറിപ്പ് നൽകുന്നു. ഒടുവിൽ “ശരി, പാകിസ്താൻ്റെ അഭ്യർത്ഥനപ്രകാരം ഞാൻ വെടിനിർത്തൽ നീട്ടുകയാണ്” എന്ന് പറഞ്ഞ് ട്രംപ് ഇറങ്ങിപ്പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു.
How was the ceasefire extended?
The video is getting viral in Iran. pic.twitter.com/UCldpWjZMO— Iran In Hyderabad (@IraninHyderabad) April 22, 2026
പാകിസ്താൻ്റെ അഭ്യർത്ഥന പ്രകാരം ഇറാൻ്റെ വെടിനിർത്തൽ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്ക ചർച്ചകളിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നും തങ്ങൾ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇറാൻ ഔദ്യോഗികമായി തന്നെ ഇത്തരമൊരു വീഡിയോ പങ്കുവെച്ചത് അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നയതന്ത്ര പോരാട്ടം നടത്തുന്ന പുതിയ രീതിയാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Summary: Iran has released a viral AI-generated video mocking US President Donald Trump’s decision to extend the ceasefire. Shared by the Iranian consulate in Hyderabad, the video uses a ‘SpongeBob’ meme format to show a frustrated AI Trump waiting for Iranian negotiators who never show up. The video ends with the caricature abruptly leaving after being told to “shut up,” claiming he is extending the truce only at Pakistan’s request. In reality, while Trump has extended the ceasefire indefinitely, Iran claims the US lacks good faith and remains undecided about attending future talks in Islamabad.

