2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജന്റീനയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രസിങ് റൂമിന് പുറത്ത് നിന്ന് ചിത്രീകരിച്ച ലയണൽ മെസിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് (Lionel Messi Pre-World Cup Final Dressing Room Video). ടീമിലെ താരങ്ങളെ ശാന്തരാകാനും മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മെസി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വിവിധ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്.
ന്യൂയോർക്കിൽ നടന്ന ഫൈനലിലേക്ക് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നടത്തിയ ശ്രദ്ധേയ തിരിച്ചുവരവ് വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അർജന്റീന എത്തിയത്. എന്നാൽ മത്സരത്തിൽ ലോകചാമ്പ്യന്മാർ തീർത്തും നിരാശപ്പെടുത്തി. മുഴുവൻ മത്സരത്തിലും അർജന്റീനയ്ക്ക് ഗോളിലേക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല, സ്പെയിൻ അധികസമയത്ത് നേടിയ ഏക ഗോളിൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരത്തിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ, താരങ്ങളോട് സംസാരിക്കുന്ന മെസി പറയുന്നത് ഇങ്ങനെയാണ്: “എല്ലാവരും ശാന്തരാകൂ… സമാധാനത്തോടെ ഇരിക്കൂ. ഇനി കളിയെക്കുറിച്ച് മാത്രം ചിന്തിക്കാം. സംഭവിച്ചതെല്ലാം മറക്കൂ, കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ.” മെസിയുടെ ഈ വാക്കുകളും താരങ്ങളുടെ മുഖഭാവങ്ങളും ഡ്രസിങ് റൂമിൽ മത്സരത്തിന് മുമ്പ് എന്തെങ്കിലും അസ്വാഭാവിക സാഹചര്യം ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയർത്തിയിരിക്കുന്നത്.
Something happened inside that Argentina dressing room.
You cannot convince me this was just “final nerves.”
They arrived at the stadium smiling.
Then they emerged completely different.
Enzo looked close to tears.
Licha had sadness written all over his face.
Paredes… pic.twitter.com/fZr7bYbuMq— 🇦🇷RestricePlanox❤️💙 (@RPlanox) July 21, 2026
സമൂഹമാധ്യമങ്ങളിൽ നിരവധി അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഫൈനലിന് മുമ്പ് ടീമിനുള്ളിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ, താരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ, അതോ മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവം നടന്നിരുന്നോ എന്ന തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്ന തരത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ടീമിലെ അംഗങ്ങളോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ പുറത്തുവന്ന വീഡിയോയെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങൾ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം, ലോകകപ്പ് ഫൈനലിന് ശേഷമുള്ള കളിക്കളത്തിലെ സംഘർഷവും ഫിഫയുടെ അന്വേഷണവും അർജന്റീനയെ വാർത്തകളിൽ നിറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രസിങ് റൂം വീഡിയോയും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ഇതിനിടെ, അർജന്റീനൻ ടീം നാട്ടിലേക്ക് മടങ്ങിയെത്തി. കനത്ത മഴയും തണുപ്പും അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് താരങ്ങളെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയത്. എന്നാൽ ക്യാപ്റ്റൻ ലയണൽ മെസി ടീമിനൊപ്പമുണ്ടായിരുന്നില്ല. ചില താരങ്ങൾ ഔദ്യോഗിക സംഘത്തോടൊപ്പം യാത്ര ചെയ്യില്ലെന്ന് നേരത്തെ തന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു. മെസി വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ കാണാത്തതും ആരാധകർക്കിടയിൽ ചർച്ചയായി.
ഫൈനലിലെ അപ്രതീക്ഷിത തോൽവിയും മത്സരത്തിന് മുമ്പുള്ള വൈറൽ വീഡിയോയും മെസിയുടെ അഭാവവും ചേർന്ന് അർജന്റീന ടീമിനെ ചുറ്റിപ്പറ്റിയ ചോദ്യങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും, ഡ്രസിങ് റൂമിൽ എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
Summary: A viral pre-match video of Lionel Messi calming his Argentina teammates before the 2026 FIFA World Cup final has sparked speculation about possible tension inside the dressing room. However, no official confirmation has been provided regarding any incident before the match.


