HomeIn Personയജമാനന്റെ മടങ്ങിവരവിനായി ഒമ്പത് വർഷം കാത്തിരുന്ന നായ; ഹാച്ചിക്കോയുടെ അവസാനിക്കാത്ത കാത്തിരിപ്പ്...

യജമാനന്റെ മടങ്ങിവരവിനായി ഒമ്പത് വർഷം കാത്തിരുന്ന നായ; ഹാച്ചിക്കോയുടെ അവസാനിക്കാത്ത കാത്തിരിപ്പ് | Hachiko

യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ തൻ്റെ യജമാനൻ്റെ മടങ്ങി വരവിനായി കാത്തിരുന്ന ഹാച്ചിക്കോ (Hachiko).

അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. 1923 നവംബർ 10 ലെ നല്ല തണുപ്പുള്ള വൈകുന്നേരം പ്രൊഫസര് ഹിടെസാബുരോ ഉയേനോ തെരുവിൽ നിന്നും ഒരു നായ്ക്കുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ അയാൾ ഒരിക്കലും കരുതിയിരുന്നില്ല ദശകങ്ങൾക്ക് ഇപ്പുറവും അയാളെയും ആ നായകുട്ടിയെയും ലോകം ഓർമ്മിക്കും എന്ന്. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ കാർഷിക വിഭാഗത്തിലെ ഒരു പ്രൊഫസാറായിരുന്നു ഉയേനോ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുന്ന സമയത്താണ് തെരുവിൽ അകിത ഇനത്തിൽപ്പെട്ട ഒരു നായ കുട്ടിയെ കാണുന്നത്. ആ കഠിനമായ മഞ്ഞിൽ ആ കുഞ്ഞു നായയെ ഉപേക്ഷിക്കാൻ ആ മനുഷ്യന് മനസ്സ് വന്നില്ല. അങ്ങനെ ഉയേനോ ആ നയകുട്ടിയെയും കൂടെ കൂട്ടി, അവന് ഹാച്ചിക്കോ എന്ന പേരും നൽകി. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ഷിബുയയിലാണ് ഉയേനോയും ഹാച്ചിക്കോയും താമസിച്ചിരുന്നത്. അന്നുമുതൽ  ഉയേനോയുടെ ജീവിതകാലം മുഴുവന് ഹാച്ചിക്കോ ആയിരുന്നു ഷിബുയ റയിൽവേ സ്റ്റേഷന്റെ വാതിൽക്കൽ അദ്ദേഹത്തെ എതിരേറ്റു കൊണ്ടിരുന്നത്. എല്ലാ വൈകുന്നേരവും ഉയേനോയുടെ മടങ്ങി വരവും കാത്ത് ഹാച്ചിക്കോ റെയിൽവേ സ്റ്റേഷനിൽ ഇരിപ്പുണ്ടാകും.

എന്നത്തേയും പോലെ 1925 മേയ് 21ന് ഉയേനോ ജോലിക്കായി പോകുന്നു. എന്നാൽ, അന്ന് ഉയേനോ മടങ്ങി വന്നില്ല. യൂണിവേഴ്സിറ്റിയിൽ വച്ചുണ്ടായ മസ്തിഷ്ക ആഘാതത്തെ തുടര്ന്ന് ഉയേനോ മരണപ്പെട്ടു. ഇതൊന്നുമറിയാതെ ഹാച്ചിക്കോ പതിവുപോലെ ഉയേനോയെ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. യജമാനൻ സമയമായിട്ടും വന്നില്ല. ഹാച്ചിക്കോ സ്റ്റേഷനിൽ തന്നെ തുടർന്നു, ഒന്നും രണ്ടും അല്ല 9 വര്ഷവും 9 മാസവും 15 ദിവസവും. ഹാച്ചിക്കോ തൻ്റെ അവസാന ശ്വാസം വരെ ഉയേനോയുടെ വരവും കാത്തിരുന്നു.

ഷിബുയ സ്റ്റേഷനിൽ ഹാച്ചിക്കോയുടെ കാത്തിരിപ്പ് അവിടുത്തുകാർക്ക് അസാധാരണമായിരുന്നില്ല. വർഷങ്ങളായി അവർ ഇത് കാണുന്നു. എന്നിരുന്നാലും, 1932 ഒക്ടോബർ 4-ന് ജാപ്പനീസ് പത്രമായ അസാഹി ഷിമ്ബുനിൽ ഹാച്ചിക്കോയെക്കുറിച്ചുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നു. ഈ ലേഖനം കണ്ട ഉയേനോയുടെ വിദ്യാർത്ഥികളിൽ ഒരാൾ ഹാച്ചിക്കോയെ നിരീക്ഷിക്കാന് തുടങ്ങി. മരിക്കുന്നതുവരെയും ഹാച്ചിക്കോ എല്ലാ ദിവസവും ഉയേനോ വരുന്ന ട്രെയിന് സമയം ആകുമ്പോള് ഷിബുയ സ്റ്റേഷന്റെ വാതിലില് യജമാനനെയും കാത്ത് ഇരിപ്പുണ്ടാകും. സമയം ഒരുപാട് വൈകുമ്പോൾ എങ്ങോട്ടേക്കോ ഹാച്ചിക്കോ പോകും. അടുത്ത ദിവസവും ഇതുപോലെ കാത്തിരിക്കും.

ഉയേനോയുടെ മരണത്തിനു ശേഷം കുടുംബം മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. അവർ ഹാച്ചിക്കോയെയും കൂടെ കൊണ്ടുപോയി, എന്നാൽ കുറച്ചു ദിവസങ്ങള്ക്കു ശേഷം ഹാച്ചിക്കോ തിരികെ ഷിബുയയിലേക്ക് എത്തി. യജമാനൻ്റെ വരവും കാത്ത് അവൻ തൻ്റെ മരണം വരെ അവിടെ കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഹാച്ചിക്കോയെന്ന നായയുടെ കഥ ജപ്പാനിൽ ആകെ പരന്നു. ഹാച്ചിക്കോയെ തേടി നിരവധി പേർ എത്തുവാൻ തുടങ്ങി. 1935 മാര്ച്ച് 8 ന് ഹാച്ചിക്കോ ഈ ലോകത്തോട് യാത്ര പറഞ്ഞു. ഷിബുയയിലെ ഒരു തെരുവില് ഹാച്ചിക്കോയെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. 1934 ഏപ്രിലില് ഹാച്ചിക്കോയുടെ ഒരു വെങ്കല പ്രതിമ ഷിബുയ സ്റ്റേഷന്റെ മുന്പില് സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഈ പ്രതിമയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് 1948 ഓഗസ്റ്റില് പുതിയ പ്രതിമ സ്ഥാപിച്ചു. കാന്സര് ബാധിച്ചാണ് ഹാച്ചിക്കോ മരിച്ചതെന്ന് 2011-ൽ തെളിയിക്കപ്പെട്ടിരുന്നു.

ഹാച്ചിക്കോ മരണപ്പെട്ട് ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും സ്നേഹത്തിൻ്റെ പ്രതീകമായി ഹാച്ചിക്കോ മാറി. 2009 ൽ ഹാച്ചിക്കോയുടെ ജീവിത കഥ പറയുന്ന Hachi:A Dog’s Tale എന്ന ഹോളിവുഡ് ചിത്രം ലോകമെമ്പാടുമുള്ള മനുഷ്യരുടെ കണ്ണ് നനയിപ്പിച്ചു. അങ്ങനെ ഹിടെസാബുരോ ഉയേനോയുടെയും അയാളുടെ ഹാച്ചിക്കോയുടെയും കഥ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു. നായ്ക്കൾക്ക് ഉടമകളോടുള്ള സ്നേഹത്തിൻ്റെ പ്രതീകമായി ഇന്നും ഹാച്ചിക്കോയെ ഓർക്കപ്പെടുന്നു.

Clickable Info Box