കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച (Pearle Maaney Student Protest Controversy). പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി പങ്കുവെച്ച സന്ദേശത്തിന് പിന്നാലെ ഇരട്ടത്താപ്പ് ആരോപിച്ച് നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. വിമർശനം ശക്തമായതോടെ പേളി തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചില സ്റ്റോറികൾ നീക്കം ചെയ്യുകയും ചെയ്തു. വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരും പരിക്കേൽക്കുന്ന ദൃശ്യങ്ങൾ തനിക്ക് വേദനയുണ്ടാക്കിയെന്നും, “ഒരു ലക്ഷ്യവും ഒരു മനുഷ്യജീവനേക്കാൾ വലുതല്ല” എന്നുമാണ് പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ സമരക്കാർ സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങണമെന്ന അഭ്യർഥനയും അവർ മുന്നോട്ടുവച്ചു. ഈ പോസ്റ്റിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനവുമായി രംഗത്തെത്തി. വിദ്യാർഥി സമരത്തോട് വ്യക്തമായ നിലപാട് സ്വീകരിക്കാതെ സമതുലിതമായ പ്രതികരണമാണ് നടത്തിയതെന്നും, ഇത് “ബാലൻസിങ്” ശ്രമമാണെന്നുമായിരുന്നു പ്രധാന വിമർശനം. സിനിമാ മേഖലയിലെ ചിലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും വിമർശനങ്ങളിൽ പങ്കുചേർന്നു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പങ്കുവെച്ച സന്ദേശവും പേളി തന്റെ സ്റ്റോറിയിലൂടെ പങ്കുവെച്ചു. ഇതും വിമർശനത്തിന് വഴിവെച്ചതോടെ താരം വീണ്ടും പ്രതികരിച്ചു. താൻ അക്രമത്തിനല്ല, സമാധാനത്തിനാണ് പിന്തുണ നൽകുന്നതെന്നും, അതാണ് ചിലരെ അസ്വസ്ഥരാക്കിയതെന്നും പേളി വ്യക്തമാക്കി. തനിക്കെതിരായ വിമർശനങ്ങളിൽ കുടുംബത്തെയും മക്കളെയും ഉൾപ്പെടുത്തി വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു.
ഇതിനിടെ, “എന്റെ ഇഷ്ടപ്പെട്ട നിറം കാവിയാണ്; ഇന്ത്യൻ പതാകയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിറവും അതുതന്നെയാണ്” എന്ന പേളിയുടെ മറ്റൊരു പ്രതികരണവും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായി. ഈ പരാമർശവും പുതിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വിമർശനം കൂടുതൽ ശക്തമായതോടെ പേളി വിവാദമായ ഇൻസ്റ്റഗ്രാം സ്റ്റോറി നീക്കം ചെയ്യുകയും തന്റെ അക്കൗണ്ടിലെ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. എന്നിരുന്നാലും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ തുടരുകയാണ്.
Summary: Actor and influencer Pearle Maaney has come under heavy social media criticism over her comments on the ongoing student protests in New Delhi. Following the backlash, she deleted some Instagram Stories and disabled comments on her account.


