മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുപ്പതുകാരി ദാമിനിയുടെ ഞെട്ടിക്കുന്ന മൊഴിവിവരങ്ങൾ പുറത്ത്. ഭർത്താവ് അതുലിന്റെ മരണത്തിൽ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും, അയാൾ തന്നെ നിരന്തരം ഉപദ്രവിക്കുകയും മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തുകയും ചെയ്തിരുന്നതായി ദാമിനി പോലീസിനോട് സമ്മതിച്ചു. ഗൂഗിളിൽ തിരഞ്ഞ് ഏറ്റവും വിഷമേറിയ പാമ്പിനെ കണ്ടെത്തുകയും മറ്റൊരു കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് ജയിലിലേക്ക് അയച്ചു.(Meerut Snakebite Murder Case, Damini Confesses To Murdering Husband Atul)
ഏഴ് വർഷം മുൻപ് പ്രണയിച്ചാണ് അതുലും താനും വിവാഹിതരായതെങ്കിലും രണ്ടു വർഷത്തിന് ശേഷം അതുൽ തന്നെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങിയെന്ന് ദാമിനി പറയുന്നു. 2022-ൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി അറിഞ്ഞു. മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും വീട്ടുകാർ നിർബന്ധിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. തങ്ങൾ നടത്തിയിരുന്ന സ്കൂളിലെ വാൻ ഡ്രൈവറായ തുഷാറുമായി ഒരു വർഷമായി ദാമിനി പ്രണയത്തിലായിരുന്നു. അതുലിനെ കൊന്ന ശേഷം തുഷാറും ഭാര്യയെ വിവാഹമോചനം ചെയ്ത് തനിക്കൊപ്പം ജീവിക്കാൻ ഇരുവരും പദ്ധതിയിട്ടു.
മുൻപ് ഉത്തർപ്രദേശിൽ നടന്ന ‘രവിത കേസിൽ’ പ്രതികൾ പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്താൻ ശ്രമിച്ചെങ്കിലും വിഷമില്ലാത്ത പാമ്പായതിനാലും കഴുത്തുഞെരിച്ച ലക്ഷണം പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതിനാലും അവർ പിടിക്കപ്പെട്ടിരുന്നു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കൃത്യമായി വിഷമുള്ള പാമ്പിനെത്തന്നെ തിരഞ്ഞെടുക്കാൻ ദാമിനിയും തുഷാറും തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം അതുലിന്റെ പേരിലുള്ള 20 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് തുകയും 36 ബിഘ ഭൂമിയും കൈക്കലാക്കാമെന്നും ഇവർ കണക്കുകൂട്ടിയിരുന്നു.
ജൂലൈ 16-ന് രാത്രി അതുലിന് നൽകിയ പാലിൽ 12 മുതൽ 15 വരെ ഉറക്കഗുളികകൾ ദാമിനി കലർത്തി നൽകി. അതുൽ ബോധരഹിതനായതോടെ ജൂലൈ 17-ന് പുലർച്ചെ 5 മണിക്ക് കാമുകൻ തുഷാറിനെയും 5 ലക്ഷം രൂപയ്ക്ക് കരാർ ഒപ്പിട്ട സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാരെയും ദാമിനി വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവർ കൊണ്ടുവന്ന പാമ്പിനെ അതുലിന്റെ ബെഡ്ഷീറ്റിനടിയിലേക്ക് തുറന്നുവിട്ട് കടിപ്പിക്കുകയായിരുന്നു. തുടർന്ന് നേരം പുലർന്നപ്പോൾ ഭർത്താവിന് പാമ്പുകടിയേറ്റെന്ന് ദാമിനി തന്നെ നാട്ടുകാരെയും വീട്ടുകാരെയും വിളിച്ച് അറിയിച്ചു. കൊലപാതകത്തിന് ശേഷം സ്ഥലത്തെത്തി കരഞ്ഞുബഹളമുണ്ടാക്കിയ തുഷാർ, പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് മുങ്ങിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. ദാമിനിയുടെ ആറുവയസ്സുകാരനായ മകൻ ഇപ്പോൾ അതുലിന്റെ മാതാപിതാക്കൾക്കൊപ്പമാണ്.
Story Summary
Meerut police revealed interrogation details of 30-year-old Damini, who confessed to murdering her husband Atul using a venomous krait with no regrets due to domestic abuse and his alleged affair. Inspired by a previous criminal case, she googled lethal snakes and plotted the crime with her lover Tushar and hired snake charmers to secure a Rs 20 lakh insurance payout.


