ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി മാറുന്ന അത്യാധുനിക പരിസ്ഥിതി സൗഹൃദ ട്രെയിൻ ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ അത്യാധുനിക സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇതോടെ ഉയരും.(India’s First Hydrogen Train to be flagged off by PM Narendra Modi)
‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ വിഭാഗം പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ‘നമോ ഗ്രീൻറെയിൽ’ ട്രെയിൻ, ആദ്യ ഘട്ടത്തിൽ ഹരിയാനയിലെ ജിന്ദ് – സോനിപത് റൂട്ടിലാണ് (89 കിലോമീറ്റർ) സർവീസ് നടത്തുക. 2030-ഓടെ ഇന്ത്യൻ റെയിൽവേയെ പൂർണമായും കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമാണിത്. ഈ പൈലറ്റ് പ്രോജക്റ്റ് വിജയകരമാകുന്നതോടെ ഡാർജിലിങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക-ഷിംല തുടങ്ങിയ പൈതൃക മലയോര പാതകളിലും ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പരമ്പരാഗത ഡീസൽ ട്രെയിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഓക്‌സിജനും ഹൈഡ്രജനും തമ്മിൽ രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ഫ്യുവൽ സെല്ലുകൾ വഴി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ ഓടുന്നത്. ഹാനികരമായ പുകയോ കാർബൺ വാതകങ്ങളോ പുറന്തള്ളാത്ത ഈ സാങ്കേതികവിദ്യയിലൂടെ നീരാവിയും ജല കണികകളും മാത്രമാണ് അന്തരീക്ഷത്തിലേക്ക് എത്തുക. ഭീമൻ ഡീസൽ എൻജിനുകളെപ്പോലെ വലിയ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കാത്തതിനാൽ യാത്ര സുഗമമായിരിക്കും. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുമെങ്കിലും നിലവിൽ 75 കിലോമീറ്റർ വേഗത്തിലാകും സർവീസ്. ഒരേസമയം 2,600 പേർക്ക് സഞ്ചരിക്കാം. പൂർണമായും എയർകണ്ടീഷൻ ചെയ്ത കോച്ചുകൾ, സുരക്ഷയ്ക്കായുള്ള ‘കവച്’ സംവിധാനം, റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ട്രെയിനിനായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യുവലിങ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്.
Story Summary
Prime Minister Narendra Modi will flag off India’s first indigenous hydrogen-powered train on the Jind-Sonipat route in Haryana. Named ‘Namo GreenRail’, the 10-coach environmentally friendly train marks a significant milestone in Indian Railways’ goal to achieve net-zero carbon emissions by 2030, emitting only steam and water.


