സത്ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത ‘നീല ഡ്രം’ കൊലപാതകങ്ങളുടെ നടുക്കം മാറും മുൻപ് മധ്യപ്രദേശിലെ സത്നയിൽ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വാർത്ത. അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞുനിന്ന 11 വയസ്സുകാരനെ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.(Blue Drum murder shakes Madhya Pradesh again, 11-year-old found murdered with throat slit)
തിങ്കളാഴ്ച ജോലി കഴിഞ്ഞ് അമ്മ ആശയും മകളും വീട്ടിലെത്തിയപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. എന്നാൽ വീടിനുള്ളിൽ ലൈറ്റുകളും കൂളറും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അകത്തുള്ള മകൻ വാതിൽ തുറക്കുമെന്ന് കരുതിയെങ്കിലും പ്രതികരണമില്ലാതായതോടെ ആശ പരിഭ്രാന്തയായി. അയൽപക്കങ്ങളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ആശ പോലീസിൽ പരാതി നൽകി.
പോലീസ് എത്തി വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് ഭീകരമായ കാഴ്ച കണ്ടത്. ഭിത്തിയിലും തലയിണയിലും രക്തം തെറിച്ച നിലയിലായിരുന്നു. മുറിയുടെ മൂലയിലിരുന്ന നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കണ്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തുണികൾ കൊണ്ട് മൂടി ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
അലക്കു ജോലി ചെയ്യുന്ന മധുര രജക് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. ഇയാൾ ആശയെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ഈ ആവശ്യം നിരന്തരം നിരസിച്ചതിലുള്ള വൈരാഗ്യമാണ് മകന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസിന് മൊഴി നൽകി. കൊടുവാൾ ഉപയോഗിച്ചാണ് കുട്ടിയുടെ കഴുത്തറുത്തതെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ പ്രതി മധുര രജക് ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി സത്ന പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. മാരകമായ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശിവൻഷ് സിംഗ് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കൂടുതൽ വിവരങ്ങൾ മൊഴികൾ രേഖപ്പെടുത്തിയ ശേഷം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.

