ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെ ജലന്ധറിലെ മോഡൽ ടൗണിലായിരുന്നു ദാരുണമായ സംഭവം. ഗുരുദ്വാരയ്ക്ക് പുറത്ത് കാർ പാർക്ക് ചെയ്യുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.(AAP leader shot dead inside car in Punjab)
ഗുരുദ്വാര സന്ദർശനത്തിനായി എത്തിയതായിരുന്നു ഒബ്റോയി. കാറിലിരിക്കെ അക്രമികൾ പലതവണ നിറയൊഴിച്ചു. ശരീരത്തിൽ അഞ്ച് ബുള്ളറ്റുകൾ തറച്ചുകയറി ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നിലയെച്ചൊല്ലി പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രതാപ് സിങ് ബജ്‌വ മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭരണത്തിൽ പഞ്ചാബിലെ ക്രമസമാധാന നില തകർന്നടിഞ്ഞെന്ന് ആരോപിച്ചു. ഭരണകക്ഷി നേതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച പൂർണ്ണമായും തകർന്നെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



