Sunday, February 8, 2026
HomeEntertainment'നിർത്താതെ പോയത് തെറ്റ് തന്നെയാണ്, രാത്രി തന്നെ വിവരം പോലീസിനെ അറിയിച്ചു':...

‘നിർത്താതെ പോയത് തെറ്റ് തന്നെയാണ്, രാത്രി തന്നെ വിവരം പോലീസിനെ അറിയിച്ചു’: വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു, കാർ കണ്ടെത്തി | Maniyanpilla Raju

തിരുവനന്തപുരം: വഴുതയ്ക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ കാറിടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.(Actor Maniyanpilla Raju’s arrest recorded in car accident)

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും അപകടം നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് നടപടി. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജുവിന്റെ വോൾവോ കാർ പോലീസ് കണ്ടെടുത്തു. ടെന്നീസ് ക്ലബിന് പിന്നിലായിരുന്നു വാഹനം ഉണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ യുവാക്കൾ മൊഴി നൽകിയത് ട്രിവാൻഡ്രം ക്ലബിൽ നിന്ന് പുറത്തേക്ക് വന്ന കാർ തങ്ങളുടെ ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നുവെന്ന് ആണ്. നാട്ടുകാരാണ് തങ്ങളെ ആശുപത്രിയിലെത്തിച്ചതെന്നും ഇവർ മൊഴി നൽകി.

അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാവിലെ വന്നാല്‍ മതിയെന്നു പറഞ്ഞുവെന്നുമാണു രാജു മാധ്യമങ്ങളോടു പ്രതികരിച്ചത്. യുവാക്കൾ എൻ്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഞാൻ ഒരു ക്യാൻസർ പേഷ്യൻ്റാണ്. ആ ശബ്ദം കേട്ട ഉടനെ പാനിക് ആയിപ്പോയി. അതുകൊണ്ടാണ് വാഹനം നിർത്താതെ പോയത്. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് ബൈക്കിലിടിച്ചത്. വാഹന ഉടമ സുധീർകുമാർ രാജു ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിവേദിത് കൃഷ്ണ ഇരു കാലുകളും ഒടിഞ്ഞ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സൂരജ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates