കാസർഗോഡ്: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ സജ്ജമാക്കാനും ജനപിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. ‘പുതുയുഗ യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ പ്രചാരണ പരിപാടി കാസർഗോഡ് കുമ്പളയിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.(UDF’s Puthuyugayatra led by VD Satheesan begins today)
ഇന്ന് വൈകിട്ട് 4 മണിക്ക് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി. യാത്ര ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമാകും. ഒരു മാസം നീണ്ടുനിൽക്കുന്ന പര്യടനം 14 ജില്ലകളിലൂടെയും കടന്നുപോയി മാർച്ച് 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി ഭരണം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. പരമ്പരാഗത രാഷ്ട്രീയ റാലികളിൽ നിന്ന് വ്യത്യസ്തമായി, ഓരോ മേഖലയിലെയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുകയും ചെയ്യും. കേരളത്തിന്റെ ഭാവി വികസനത്തിനായി യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും.



