കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ് പയ്യന്നൂർ സ്വദേശിനിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.(Deepak’s death, Court to consider Shimjitha’s bail plea today)
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ലഭിച്ച ഷിംജിതയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ദീപക്കിനെതിരെ താൻ ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഷിംജിതയുടെ മൊഴിയെങ്കിലും, നിയമപരമായ വഴി തേടാതെ സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിനെ അവഹേളിക്കാനാണ് ഷിംജിത ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.
ദീപക് ലൈംഗികാതിക്രമം കാട്ടിയെന്നാരോപിച്ച് ഷിംജിത ചിത്രീകരിച്ച വീഡിയോ ആസൂത്രിതമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ബസിൽ വെച്ച് ദീപക് തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നു.



