മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടി പിന്തുണയുമായാണ് നിരവധി പേർ രംഗത്തെത്തിയത്.
അമേരിക്കൻ വാർത്താ പരിപാടിയായ ‘ഗുഡ് മോണിങ് മെംഫിസ്’ അവതാരക ഡൊമിനിക് ഡിലനാണ് വൈറൽ വീഡിയോയിലെ താരം. സെന്റ് ജൂഡ് ആശുപത്രിയുമായി ബന്ധപ്പെട്ട വാർഷിക ‘മെംഫിസ് ടു പിയോറിയ’ ഓട്ടപരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് അവസാനിച്ചതിന് പിന്നാലെ ക്യാമറ അപ്രതീക്ഷിതമായി വീണ്ടും സ്റ്റുഡിയോയിലേക്ക് മാറുകയായിരുന്നു. റിപ്പോർട്ട് ഇത്ര വേഗത്തിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഡിലൻ, അല്പസമയം കണ്ണടച്ച് വിശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ക്യാമറ വീണ്ടും സ്റ്റുഡിയോയിലെത്തിയപ്പോൾ ഡിലൻ അവതാരക ഡെസ്കിൽ കണ്ണടച്ച് ഇരിക്കുന്ന ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തത്. ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ സംഭവം വലിയ വിമർശനത്തിലേക്ക് മാറിയില്ല. പുലർച്ചെയുള്ള ഷിഫ്റ്റുകളും കഠിനമായ ജോലിസമയവും വാർത്താ മാധ്യമപ്രവർത്തകർ നേരിടുന്ന തുടർച്ചയായ സമ്മർദവും ചൂണ്ടിക്കാട്ടി നിരവധി പേർ ഡിലനെ പിന്തുണച്ചു.
“രാവിലെ ആരംഭിക്കുന്ന ഷിഫ്റ്റുകൾ വളരെ ബുദ്ധിമുട്ടുള്ളതാണ്. അവരെ കുറ്റപ്പെടുത്താതെ പിന്തുണയ്ക്കാം,” എന്നായിരുന്നു ഒരാളുടെ പ്രതികരണം. രണ്ട് കുട്ടികളുടെ അമ്മയായ ഡിലൻ ജോലിയും കുടുംബജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന കാര്യം ചൂണ്ടിക്കാട്ടിയും നിരവധി പേർ പിന്തുണ അറിയിച്ചു. ചെറിയ കുട്ടികളെ പരിചരിക്കുന്ന ജോലിക്കാരായ അമ്മമാർ നേരിടുന്ന ഉറക്കക്കുറവും വെല്ലുവിളികളും ചിലർ പങ്കുവെച്ചു. ക്യാമറ ഇത്രയും സമയം അവതാരകയിൽ കേന്ദ്രീകരിച്ചത് ഒഴിവാക്കാമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. അവതാരകരെ ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രൊഡക്ഷൻ സംഘത്തിനുണ്ടെന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉയർന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ഡിലനും സംഭവത്തെ തമാശയായി ഏറ്റെടുത്തു. സഹഅവതാരകനായ എർണി ഫ്രീമൻ എടുത്ത ഒരു ചിത്രത്തിൽ പശ്ചാത്തലത്തിൽ ഉറങ്ങുന്നതുപോലെ അഭിനയിച്ച ഡിലന്റെ ദൃശ്യവും പിന്നീട് പങ്കുവെച്ചു. “പരിപാടി കഴിഞ്ഞതോടെ ഡൊമിനിക് ഡിലന് വീണ്ടും ഒരു ഉറക്കം കൂടി വേണം,” എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. ഇതിന് മറുപടിയായി, “ഒന്ന് തട്ടിവിളിക്കാനെങ്കിലും കഴിഞ്ഞില്ലേ,” എന്ന് ഡിലൻ തമാശയായി പ്രതികരിച്ചു. അപ്രതീക്ഷിതമായി വൈറലായ സംഭവം വിമർശനത്തിന് പകരം അവതാരകയ്ക്ക് വലിയ പിന്തുണ നേടിക്കൊടുത്തിരിക്കുകയാണ്.
Summary: American news anchor Dominique Dillon was caught with her eyes closed during a live broadcast, but social media users responded with empathy rather than criticism. Many highlighted the demanding schedules of broadcast journalists and her responsibilities as a working mother, while Dillon later responded to the viral moment with humour.


