ബിലാസ്പൂർ: രണ്ടാനമ്മയിൽ നിന്ന് പീഡനം നേരിടുന്നുവെന്ന അമ്മയുടെ വാദം തള്ളി എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടി തനിക്ക് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിയാനാണ് താത്പര്യമെന്നും അവർ തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയതോടെയാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.(Chhattisgarh High Court Grants Custody Of Eight Year Old Boy To Father)
അമ്മയ്ക്ക് കുട്ടിയെ സന്ദർശിക്കാനുള്ള അവകാശം കോടതി നിലനിർത്തിയിട്ടുണ്ട്. ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സച്ചിൻ സിംഗ് രാജ്പുത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുട്ടിക്ക് അച്ഛന്റെയും രണ്ടാനമ്മയുടെയും അടുക്കൽ ആവശ്യമായ പരിചരണവും വിദ്യാഭ്യാസവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് കോടതി നേരിട്ട് സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കി.
ഡ്രൈവറായി ജോലി ചെയ്യുന്ന അച്ഛനേക്കാൾ മികച്ച രീതിയിൽ കുട്ടിയെ നോക്കാൻ തനിക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയ ശേഷം ഇരുവർക്കും പുതിയ പങ്കാളികളും കുട്ടികളുമുണ്ട്. രണ്ടാനമ്മയിൽ നിന്ന് മകന് പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന മാതാവിന്റെ വാദം കുട്ടി തന്നെ പൂർണ്ണമായും നിഷേധിക്കുകയായിരുന്നു. കുട്ടിയുടെ ക്ഷേമത്തിനും ആഗ്രഹത്തിനും മുൻഗണന നൽകിക്കൊണ്ട് കുടുംബകോടതിയുടെ മുൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
Story Summary
The Chhattisgarh High Court granted custody of an eight-year-old boy to his father after the child personally expressed his wish to stay with his father and stepmother. Rejecting the biological mother’s claims of stepmotherly treatment, the court emphasized that the child’s paramount welfare and choice were best served in the father’s home.


