ദിണ്ഡിഗൽ: തമിഴ്‌നാട്ടിലെ കൊടൈക്കനാൽ താലൂക്കിൽ 26-കാരനായ ദളിത് യുവാവിനെ മേൽജാതിക്കാരായ സംഘം വെട്ടിക്കൊലപ്പെടുത്തി. പൂമ്പാറ ഗ്രാമത്തിൽ താമസിക്കുന്ന രാമർ (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് (20) എന്ന യുവാവിനെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Dalit Youth Hacked To Death In Kodaikanal Over Dispute One Arrested)
കുതിരകളെ ഉപയോഗിച്ച് മലയോര മേഖലയിൽ നിന്ന് പച്ചക്കറികൾ എത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രാമറും പ്രശാന്തും. ജൂലൈ 30 ബുധനാഴ്ച രാത്രി, രാമറിന്റെ കുതിര തന്റെ പറമ്പിലെ വിളകൾ തിന്നുവെന്ന് ആരോപിച്ച് മേൽജാതിക്കാരനായ രഘു എന്നയാൾ രാമറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്ന് തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് ആരോപിച്ചു.
സ്ഥലത്തെത്തിയ രാമറിനെയും കൂടെയുണ്ടായിരുന്ന പ്രശാന്തിനെയും അഞ്ചംഗ സംഘം കൊടുവാൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രാമർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ്, പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ബാക്കി നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്.
അക്രമികൾ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കൊല്ലപ്പെട്ട രാമറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും കുട്ടികൾക്ക് സ സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും TNUEF ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട രാമറിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്ന് TNUEF ഭാരവാഹികൾ അറിയിച്ചു.
Story Summary
A 26-year-old Dalit youth named Ramar was allegedly hacked to death and another person was injured by a dominant caste group over a dispute in Kodaikanal. Police have registered a case under the SC/ST Act and arrested one suspect while Tamil Nadu Untouchability Eradication Front demanded strict action and government support for the victim’s family.


