വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ ആക്രമണത്തിന് സൈന്യത്തിന് നിർദേശം നൽകിയതായും, ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമണത്തിന് അന്തിമ അനുമതി ട്രംപ് നൽകിയിട്ടില്ലെന്നാണ് വിവരം. (Donald Trump Iran strike warning)
ക്യാമ്പ് ഡേവിഡിൽ നടന്ന മന്ത്രിസഭാ യോഗത്തിനിടെ സംസാരിക്കവെയാണ് ഇറാനെതിരെ “വളരെ ശക്തമായ ആക്രമണം” നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയത്. “വളരെ ശക്തമായി തിരിച്ചടിക്കും. ഒരു ഘട്ടത്തിൽ അവർക്ക് ഇനി ഇത് സഹിക്കാനാകില്ലെന്ന് പറയേണ്ടിവരും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളും എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികളാണ് അമേരിക്കയും ഇസ്രയേലും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് നടപ്പായാൽ ഇറാനെതിരായ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ആക്രമണങ്ങൾ തിങ്കളാഴ്ച ആഗോള വിപണികൾ തുറക്കുന്നതിന് മുമ്പ് അവസാനിപ്പിക്കണമെന്ന തരത്തിലുള്ള ചർച്ചകൾ അമേരിക്കൻ ഉദ്യോഗസ്ഥർക്കിടയിൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സൈനിക നടപടിക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ഇസ്രയേൽ അമേരിക്കയുമായി ഏകോപനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അന്തിമ തീരുമാനം പ്രസിഡന്റിന്റെ കൈകളിലാണെന്ന് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കി. വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ്, ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും അമേരിക്ക വിജയിക്കുമെന്നും പ്രതികരിച്ചു.
അമേരിക്കൻ പ്രതിരോധ വകുപ്പും സൈനികമായി തയ്യാറാണെന്ന സൂചന നൽകി. പെന്റഗൺ വക്താവ് സീൻ പാർണൽ, പ്രതിരോധ വകുപ്പ് “പൂർണ സജ്ജമാണ്” എന്ന് അറിയിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് അമേരിക്ക-ഇറാൻ സംഘർഷം ശക്തമായത്. പിന്നീട് താൽക്കാലിക വെടിനിർത്തൽ ഉണ്ടായിരുന്നെങ്കിലും ഇരുപക്ഷവും പരസ്പരം ആക്രമണം തുടർന്നതോടെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. ഇതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതോടെ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, വളം തുടങ്ങിയ നിർണായക ചരക്ക് നീക്കങ്ങൾ തടസ്സപ്പെട്ടിരുന്നു. പേർഷ്യൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളും മേഖലയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
Summary: US President Donald Trump has warned of “very hard” strikes against Iran, with reports suggesting possible attacks on Iranian energy infrastructure. While the military is reportedly prepared, Trump has not yet given the final approval for the operation. The tensions come amid continuing instability following the recent US-Iran conflict.


