തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടങ്ങളും ജീവഹാനിയും. മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.(Kerala Rains 3 Deaths Reported CM VD Satheesan Reviews Disaster Management)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി രാവിലെ 11 മണിക്ക് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്.
എൻ.ഡി.ആർ.എഫ്, പോലീസ്, ഫയർഫോഴ്സ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് സുമതി എന്ന വീട്ടമ്മ മരിച്ചു. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് യുവാവ് (ജോസഫിൻ ജോണി) മരിച്ചു. കാണാതായ മാതാവ് റെജീനയ്ക്കായി തെരച്ചിൽ തുടരുന്നു.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാനദി കരകവിഞ്ഞതോടെ പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്. തൂമ്പാക്കുളത്ത് ഉരുൾപൊട്ടുകയും അരയാഞ്ഞിലിമണ്ണ് കോസ്‌വേ മുങ്ങുകയും ചെയ്തതോടെ 400-ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
Story Summary
Torrential rains trigger landslides and claim 3 lives across Idukki, Kottayam, and Pathanamthitta. Chief Minister V. D. Satheesan stated that rescue efforts are in full swing and the Revenue Minister has convened an urgent meeting with District Collectors.


