ന്യൂഡൽഹി: സോനം വാങ്‌ചുക്കുമായി യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടതിനു പിന്നാലെ പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിപ്കെ നിലപാട് വ്യക്തമാക്കിയത്.(Abhijeet Dipke Denies Rift With Sonam Wangchuk Clarifies CJP Future Plans)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിപ്പിച്ചപ്പോൾ സോനം വാങ്‌ചുക്കിന്റെ പേര് പരാമർശിച്ചില്ലെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ദിപ്കെ തള്ളി. 26 ദിവസമാണ് വാങ്‌ചുക്ക് സർ ജീവൻ പണയം വെച്ച് നിരാഹാര സമരം അനുഷ്ഠിച്ചത്. അദ്ദേഹത്തിന്റെ ആ വലിയ ത്യാഗവും പോരാട്ടവുമാണ് രാജ്യത്തെ യുവാക്കളെ ഉണർത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ അദ്ദേഹത്തിന്റെ പങ്കിനെ ആർക്കും മറക്കാനാകില്ല. ഞങ്ങളിപ്പോഴും ഒരേ നിലപാടിലാണ് മുന്നോട്ട് പോകുന്നത്, അഭിജിത് ദിപ്കെ പറഞ്ഞു.
സോനം വാങ്‌ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ച ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് വാങ്‌ചുക്കിനോട് അതൃപ്തിയില്ലെന്നും എന്നാൽ പ്രതിപക്ഷ നേതാക്കൾക്കും സിജെപി പ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ബിജെപി നേതാക്കൾക്ക് മാത്രം അദ്ദേഹത്തെ കാണാൻ അനുമതി നൽകിയതിലാണ് വിയോജിപ്പുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാങ്‌ചുക്കിനെ ഒരു തരത്തിൽ സർക്കാർ തടങ്കലിൽ വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സിജെപി ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടി ആയി മാറില്ലെന്നും, ഭരണകൂടങ്ങളെ തിരുത്തുന്ന ഒരു ജനകീയ സമ്മർദ്ദ ഗ്രൂപ്പായി മാത്രമേ പ്രവർത്തിക്കൂ എന്നും ദിപ്കെ വ്യക്തമാക്കി. പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ബിജെപി അയച്ച ഗുണ്ടകളാണ്. പോലീസിനും വിദ്യാർത്ഥികൾക്കുമെതിരെ അക്രമം അഴിച്ചുവിട്ട് സമരം തകർക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നീറ്റ് പ്രക്ഷോഭ വിജയത്തിന് ശേഷം, രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസമത്വത്തിനുമെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് സിജെപി ലക്ഷ്യമിടുന്നത്. താൻ ഒരു പൂർണ്ണസമയ രാഷ്ട്രീയക്കാരനാകാൻ ആഗ്രഹിക്കുന്നില്ലെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് ദിപ്കെ അഭിമുഖം അവസാനിപ്പിച്ചത്.
Story Summary
CJP founder Abhijeet Dipke dismissed rumors of a rift with activist Sonam Wangchuk, highlighting his 26-day hunger strike as vital to the NEET-UG protest’s success. Dipke reiterated that CJP will remain a political pressure group focusing on youth unemployment rather than contesting elections.


