താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ നാലുനില
കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴ് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. (Bhiwandi Building Collapse)
ഭിവണ്ടിയിലെ ബാലാജി നഗർ പ്രദേശത്തുള്ള കോഹിനൂർ ബിൽഡിങ്ങിന്റെ ‘ബി’ വിങ്ങാണ് തകർന്നുവീണത്. ഓരോ നിലയിലും 12 മുറികൾ വീതം ആകെ 48 മുറികളാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. അപകടസാധ്യതയുള്ള കെട്ടിടമായി നഗരസഭ നേരത്തെ തന്നെ ഇതിനെ പ്രഖ്യാപിച്ചിരുന്നുവെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽനിന്ന് ശക്തമായ പൊട്ടലിന്റെയും വിള്ളലിന്റെയും ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അപകടസാധ്യത മനസ്സിലാക്കിയ നാട്ടുകാർ ഉടൻ തന്നെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എന്നാൽ ചില താമസക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
സംഭവത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന (NDRF), താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡോഗ് സ്ക്വാഡ്, നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുവരുന്നതേയുള്ളു.
Summary: Seven people were killed after a portion of a four-storey building collapsed during repair work in Bhiwandi, Maharashtra. Several people are feared trapped under the debris as NDRF, disaster response teams and fire personnel continue a major rescue operation.


