കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച നിയന്ത്രണംവിട്ട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് അതേ അപകട മേഖലയ്ക്ക് സമീപം ഡ്രൈവർ അപകടകരമായ രീതിയിൽ ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ഒരു കൈയിൽ മൊബൈൽ ഫോൺ പിടിക്കുകയും മറുകൈ ഉപയോഗിച്ച് സ്റ്റിയറിങ് നിയന്ത്രിക്കുകയും ചെയ്യുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Police have registered a case against a private bus driver in Kuttippuram for using a mobile phone while driving. The action was taken after a video showing the driver operating the bus dangerously went viral on social media.


