ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ അടയ്ക്കാതെ തുടരുന്ന വാഹന ഉടമകൾക്ക് ഇനി വിവിധ ആർടിഒ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു (Traffic Fine Pending Rules India). പിഴ കുടിശികയുള്ള വാഹനങ്ങൾക്കും ഉടമകൾക്കും വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടയാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന ചട്ടം (1989) ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കി.
പുതിയ നിർദേശപ്രകാരം, പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്ന നിലയിൽ രേഖപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ ഫിറ്റ്നസ്, പുക പരിശോധന സർട്ടിഫിക്കറ്റ് (PUC), രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ല. കൂടാതെ വാഹന ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകളും പരിഗണിക്കില്ല.
കുടിശികയുള്ള ട്രാഫിക് പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ വാഹന ഉടമകൾക്ക് ഇ-മെയിൽ, എസ്എംഎസ് തുടങ്ങിയ മാർഗങ്ങളിലൂടെ അറിയിക്കും. പിഴ മുഴുവൻ അടച്ചതിന് ശേഷമേ തടഞ്ഞുവച്ച സേവനങ്ങൾ വീണ്ടും ലഭ്യമാകൂ. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ആറുമാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും കരട് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും പിഴ ഈടാക്കൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Summary: The Central Government has proposed new rules to restrict vehicle and driving licence services for people who fail to clear traffic fines. Vehicles with pending penalties may be marked as “not to be transacted” on the Parivahan portal until dues are paid.


