കൊച്ചി: ദില്ലിയിൽ നടക്കുന്ന സിജെപി (കോക്റോച്ച് ജനതാ പാർട്ടി) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ‘ആസാദി യാത്ര’ സംഘടിപ്പിക്കുമെന്ന് റാപ്പർ വേടൻ അറിയിച്ചു (Rapper Vedan Azadi Yatra). ഞായറാഴ്ച വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് യാത്ര ആരംഭിക്കുക. ഭരണഘടന കൈയിൽ ഉയർത്തിപ്പിടിച്ചായിരിക്കും യാത്ര നടത്തുകയെന്ന് വേടൻ വ്യക്തമാക്കി. രാജ്യത്തെ വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും ജനാധിപത്യപരമായ പ്രതിഷേധാവകാശത്തിനും പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് അദ്ദേഹം അറിയിച്ചു.
പനമ്പള്ളി നഗറിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വേടനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ പൊലീസ് നടപടിയെക്കുറിച്ചും സാമൂഹിക-രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ തുടരുകയാണ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ദില്ലിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും ഐക്യദാർഢ്യ പരിപാടികൾ ശക്തമാകുന്നത്. വിവിധ വിദ്യാർഥി-സാമൂഹിക സംഘടനകൾക്കും കലാകാരന്മാർക്കും പിന്നാലെ വേടന്റെയും പിന്തുണ ശ്രദ്ധേയമാകുകയാണ്.
Summary: Rapper Vedan has announced an “Azadi Yatra” in Kochi to express solidarity with the ongoing CJP-led student protests in Delhi. The march, carrying copies of the Constitution, will begin from the Kerala High Court premises on Sunday evening.


