ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ ശക്തമാകുന്നു. സിജെപി (കോക്റോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ, രാജിയൊഴികെയുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് സർക്കാർ അറിയിക്കാനിടയെന്നാണ് റിപ്പോർട്ടുകൾ. (Dharmendra Pradhan Resignation)
ധർമേന്ദ്ര പ്രധാനെ മാറ്റുന്നത് സമാന ആവശ്യങ്ങൾ ഉയർത്തി ഭാവിയിൽ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് കേന്ദ്രസർക്കാരിനുള്ളതെന്നാണ് സൂചന. അതിനാൽ വിദ്യാഭ്യാസമന്ത്രിയുടെ രാജിയെന്ന ആവശ്യം അംഗീകരിക്കാതെ, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമനടപടികളും ഭരണപരമായ പരിഷ്കാരങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്നും 24 മണിക്കൂറിനകം വീണ്ടും പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നത്തെ ചർച്ചയുടെ ഫലമാണ് സമരത്തിന്റെ ഭാവി നിർണയിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രതിഷേധങ്ങൾക്കിടയിലും വിദ്യാഭ്യാസമന്ത്രിയെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിനാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇതിനിടെ, വിഷയത്തിൽ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും പ്രതികരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ടത് അനിവാര്യമാണെന്നും പ്രശ്നപരിഹാരത്തിന് ഏറ്റുമുട്ടലിനേക്കാൾ സമവായത്തിനും ചർച്ചകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രക്ഷോഭം വീണ്ടും ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച പോലീസ്, ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നഗരത്തിലെ 18 മെട്രോ സ്റ്റേഷനുകളും ഇന്നും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
Summary: The Centre is unlikely to accept demands for Union Education Minister Dharmendra Pradhan’s resignation ahead of crucial talks with CJP leaders today. While the government is expected to consider other demands, CJP has warned of nationwide protests and a fresh Parliament march if the resignation demand is rejected.


