പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസം പിന്നിടുമ്പോൾ, ഒരു വിദേശ ട്രാവൽ വ്ലോഗർ പങ്കുവെച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Foreigner Vande Bharat Sleeper Review). ഇൻസ്റ്റാഗ്രാം ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ അനുഷയാണ് ആറുമാസത്തിന് ശേഷമുള്ള വന്ദേ ഭാരത് ട്രെയിനിന്റെ ശുചിത്വവും സേവനങ്ങളും കണ്ട് താൻ അമ്പരന്നുപോയെന്ന് വ്യക്തമാക്കിയത്. ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയിൽ ട്രെയിൻ പൂർണ്ണമായും മോശമായ അവസ്ഥയിലായിരിക്കുമെന്നാണ് താൻ കരുതിയതെന്ന് അനുഷ പറയുന്നു.
എന്നാൽ ആദ്യ ദിവസത്തേതുപോലെ തന്നെ ട്രെയിനും കാബിനുകളും കുറ്റമറ്റ രീതിയിൽ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയെന്ന് അവർ വ്യക്തമാക്കി. ഫസ്റ്റ് എസി കോച്ചിലാണ് താൻ യാത്ര ചെയ്തതെന്നും, യാത്രക്കിടെ ചായ നൽകിയെന്നും ചൂണ്ടിക്കാണിച്ച വ്ലോഗർ, ട്രെയിനിലെ ബാത്റൂമുകളും ഷവർ ഏരിയയും ആറുമാസത്തിനുശേഷവും അത്യന്തം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് വലിയ അത്ഭുതമാണെന്നും പ്രശംസിച്ചു. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ആദ്യ ദിവസത്തേതുപോലെ തന്നെ മികച്ചതാണെന്ന് അവർ കൂട്ടിച്ചേർത്തു.


