മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ് ഭാര്യ മരണപ്പെട്ടിട്ടും, തന്റെ ഓട്ടോറിക്ഷയിൽ ദിവസവും പുതിയ പൂക്കൾ വെച്ച് ഫോട്ടോയ്ക്ക് മുന്നിൽ അർപ്പിച്ച ശേഷമാണ് അദ്ദേഹം അന്നത്തെ ഓട്ടം ആരംഭിക്കുന്നത്. ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ആഷിഷ് മാത്യുവാണ് ഈ ഹൃദയസ്പർശിയായ കഥ പുറംലോകത്തെ അറിയിച്ചത്.
ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം. ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ ഓട്ടോയ്ക്കുള്ളിൽ സൂക്ഷ്മതയോടെ പൂക്കൾ വെക്കുന്ന വൃദ്ധനായ ഡ്രൈവറെ കണ്ട ആഷിഷ് അദ്ദേഹത്തോട് വിവരങ്ങൾ തിരക്കുകയായിരുന്നു. ഓട്ടോയ്ക്കുള്ളിൽ വെച്ചിരിക്കുന്ന ഫോട്ടോ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ ഭാര്യയാണ് അതെന്ന് വ്യക്തമാക്കിയത്. മക്കളും കൊച്ചുമക്കളും അടങ്ങുന്ന വലിയൊരു കുടുംബം കൂടെയുണ്ടെങ്കിലും ഭാര്യയുടെ വിയോഗം ഏൽപ്പിച്ച ശൂന്യത മാറ്റാനാണ് അദ്ദേഹം ഇന്നും ഓട്ടോ ഓടിക്കുന്നത്. ജോലിത്തിരക്കുകളിലൂടെയും പുതിയ ആളുകളെ പരിചയപ്പെടുന്നതിലൂടെയുമാണ് അദ്ദേഹം ദുഃഖത്തെ അതിജീവിക്കുന്നത്. ഈ സ്നേഹഗാഥ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണീരണിയിച്ചിരിക്കുകയാണ്.


