സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ‘ധർമ്മനിൽ’ അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി (Simran on Rajinikanth). ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സിമ്രാൻ. ‘പേട്ട’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
“ഞാനൊരു രജനി ഫാനാണ്; അദ്ദേഹമാണ് എന്റെ റോൾ മോഡൽ. ഇത്രയും നിസ്വാർഥനും, വിനയാന്വിതനും, ലളിതവുമുള്ള, ഒട്ടും അഹങ്കാരമില്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്. ‘പേട്ട’യിൽ കുറേ രംഗങ്ങൾ ലഭിക്കാത്തതിൽ വിഷമമുണ്ടായിരുന്നു, ഇപ്പോൾ ആ ആഗ്രഹം ‘ധർമ്മനി’ലൂടെ സഫലമായി. കമൽ സാറിന്റെ പ്രൊഡക്ഷനിൽ രജനി സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്,” സിമ്രാൻ പറഞ്ഞു.
അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ‘ധർമ്മൻ’ നിർമ്മിക്കുന്നത് കമൽഹാസനാണ്. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
Summary: Actress Simran has expressed her excitement about working with superstar Rajinikanth again in the upcoming film ‘Dharman,’ directed by Ashwath Marimuthu and produced by Kamal Haasan. In a recent podcast, she praised Rajinikanth’s humility and simplicity, calling him her role model and a massive inspiration.


