ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച ‘എം സഹജീവനം’ വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M Sahajeevanam Malappuram). ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയാണ് പോർട്ടൽ പ്രകാശനം ചെയ്തത്. കേരളത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വരുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവരശേഖരണം ഈ പോർട്ടലിലൂടെ പൂർത്തിയാക്കും. ശാരീരികവും മാനസികവുമായ അവസ്ഥ, കുടുംബ സാഹചര്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം തുടങ്ങി ഓരോ വ്യക്തിയുടെയും സമഗ്ര വിവരങ്ങൾ ഡിജിറ്റലായി ഇതിൽ ലഭ്യമാകും. വിവിധ സർക്കാർ പദ്ധതികൾ, ക്ഷേമസേവനങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയുടെ പൊതുവേദിയായും ഈ പോർട്ടൽ പ്രവർത്തിക്കും.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ പദ്ധതികൾ രൂപകൽപ്പന ചെയ്യാൻ ഈ ഡാറ്റാബേസ് സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി പറഞ്ഞു. ഭാവിയിൽ കേരളത്തിലെ എല്ലാ ജില്ലകൾക്കും മാതൃകയാക്കാവുന്ന രീതിയിലാണ് പോർട്ടലിന്റെ രൂപകൽപ്പന. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ ഈ സംരംഭം ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ വിജയത്തിനായി എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും പൂർണ്ണ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
Summary: Malappuram district has launched ‘M Sahajeevanam,’ a comprehensive digital platform developed by the district administration and the Social Justice Department, specifically for the data collection and service coordination of persons with disabilities. This first-of-its-kind initiative in Kerala will act as a centralized database for planning scientific welfare schemes and rehabilitative programs, serving as a model for other districts across the state.


