കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതിനായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ (Back to Naadu) എന്ന പേരിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു (Wonderla kochi back to naadu offer). നാടിന്റെ സ്നേഹവും ഊഷ്മളതയും അനുഭവിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒത്തുചേരാനും അവിസ്മരണീയ നിമിഷങ്ങൾ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് വണ്ടർലാ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
2026 ജൂൺ മാസം മുതലുള്ള സാധുവായ വിദേശ യാത്രാ ബോർഡിംഗ് പാസ് ഹാജരാക്കുന്ന സന്ദർശകർക്ക് വണ്ടർലാ പാർക്ക് ടിക്കറ്റുകളിൽ 30 ശതമാനം ഇളവ് ലഭിക്കും. ഈ ഓഫർ പ്രകാരം ഒരു ബോർഡിംഗ് പാസ് ഉപയോഗിച്ച് പരമാവധി 20 പേർക്ക് വരെ ഇളവോടെ ടിക്കറ്റുകൾ കരസ്ഥമാക്കാം. 2026 ജൂലൈ 8 മുതൽ ഓഗസ്റ്റ് 14 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് 2026 ജൂലൈ 11 മുതൽ ഓഗസ്റ്റ് 14 വരെയുള്ള തീയതികളിൽ പാർക്ക് സന്ദർശിക്കാവുന്നതാണ്.
പ്രവാസികളുടെ വൈകാരികമായ മടങ്ങിവരവിനെ കൂടുതൽ ആനന്ദകരമാക്കുന്നതിന് പാർക്കിൽ പ്രത്യേക പൈതൃക സാംസ്കാരിക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഗ്രാമീണ ശൈലിയിലുള്ള ചായക്കട, വണ്ടർലായുടെ വളർച്ചയും മനോഹരമായ ഓർമ്മകളും ചിത്രീകരിക്കുന്ന ഗൃഹാതുരമായ ഫോട്ടോ ഇൻസ്റ്റലേഷനുകൾ എന്നിവ ഇതിൽ പ്രധാന ആകർഷണങ്ങളാണ്.
വീട്ടിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവിന്റെ സന്തോഷം പങ്കുവെക്കുന്നതിനാണ് ‘ബാക്ക് ടു നാട്’ ക്യാമ്പെയ്‌നിലൂടെ ഞങ്ങൾ ശ്രമിക്കുന്നതെന്ന് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ധീരജ് ചൗധരി പറഞ്ഞു. പ്രവാസികൾക്ക് കുടുംബ സമേതം ആസ്വദിക്കാനും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കാനുമാണ് ഇത്തരം ഒരു സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകോത്തര നിലവാരത്തിലുള്ള റൈഡുകൾക്ക് പുറമെ, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാനുള്ള മനോഹരമായ അന്തരീക്ഷമാണ് വണ്ടർലാ വാഗ്ദാനം ചെയ്യുന്നത്. വണ്ടർലായുടെ ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് പോർട്ടലിലൂടെ ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കും അഡ്വാൻസ് ബുക്കിംഗിനുമായി 0484-3514001, 75938 53107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Story Summary:
Wonderla Kochi has launched the ‘Back to Naadu’ special campaign for NRIs returning to Kerala. The offer provides a 30% discount on park tickets for up to 20 guests using a valid international boarding pass dated June 2026 onwards, with visits valid until August 14, 2026.


