പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി സുപ്രധാന നിരീക്ഷണങ്ങൾ. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുകയാണെന്നും കേസിന്റെ പശ്ചാത്തലത്തിൽ ജഡ്ജി നിരീക്ഷിച്ചു.(Nenmara Double Murder, Palakkad Court Observations On Family Bonds)
ഇതിന്റെ തുടർച്ചയെന്നോണം സംസ്ഥാനത്ത് അതീവ ക്രൂരമായ കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വ്യക്തമാക്കിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ കോടതി വിധിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് യാതൊരുവിധ മാനസിക തകരാറുകളുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്‌ക്കൊപ്പം വഴി തടഞ്ഞുനിർത്തിയതിന് ഒരു മാസത്തെ ജയിൽവാസവും വിധിച്ചിട്ടുണ്ട്.
പ്രതി തന്റെ ക്രൂരമായ കുറ്റകൃത്യത്തെ വിചാരണവേളയിൽ തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്തതെന്നും, കൊലപാതകം വ്യക്തമായ പദ്ധതിയിട്ട് ആസൂത്രണം ചെയ്തതാണെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് ഒട്ടും മാനസാന്തരത്തിന് സാധ്യതയില്ലെന്ന് വിലയിരുത്തിയ കോടതി, ചെന്താമരയിൽ നിന്ന് 20 ലക്ഷം രൂപ പിഴയീടാക്കാനും ഉത്തരവിട്ടു. പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ ഈ തുക ലഭ്യമാക്കാൻ സർക്കാർ അടിയന്തര സഹായം നൽകണം. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് പൂർണ്ണ സംരക്ഷണം ഒരുക്കാൻ നിർദ്ദേശിച്ച കോടതി, പ്രതി ഏതെങ്കിലും സാഹചര്യത്തിൽ പരോളിൽ ഇറങ്ങുകയാണെങ്കിൽ കേസിലെ സാക്ഷികൾക്കും ഇരകൾക്കും കനത്ത സുരക്ഷ ഉറപ്പാക്കണമെന്നും കർശനമായി ഉത്തരവിട്ടു. സംഭവം നടന്ന് കേവലം 58 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.
അതേസമയം, വിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ചെന്താമരയുടെ ശരീരത്തിൽ എവിടെയും ഒരു മുറിവ് പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും, ശാസ്ത്രീയ തെളിവുകളുടെ കൃത്യമായ ഇഴകീറിയുള്ള പരിശോധന വിചാരണ കോടതിയിൽ നടന്നിട്ടില്ലെന്നും പ്രതിഭാഗം ആരോപിച്ചു.
Story Summary
The Palakkad Additional District and Sessions Court, while sentencing Chenthamara to death for the Nenmara twin murders, observed that breaking family bonds and isolated lives are leading to brutal crimes in Kerala. The court ordered witness protection during potential parole, a ₹20 lakh government-backed fine for the victims’ daughters, and praised the police, while the defense plan an appeal over disputed blood evidence.


