തിരുവനന്തപുരം: മുഖ്യമന്ത്രി അടുത്തിടെ നൽകിയ അഭിമുഖത്തിന് പിന്നാലെ കപ്പൽനിർമാണ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വാർത്തകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ (Mission Samudra Kerala). ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽനിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് മുഖ്യമന്ത്രി 10,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയെക്കുറിച്ച് പരാമർശിച്ചതെന്ന് സർക്കാർ വിശദീകരിച്ചു.
സമീപ വർഷങ്ങളിൽ വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും, ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും സർക്കാർ അറിയിച്ചു. മിഷൻ സമുദ്രയുടെ ഭാഗമായാണ് മലബാർ സിമെന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന് കീഴിലുള്ള ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽനിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയത്. പദ്ധതിക്കാവശ്യമായ പ്രധാന അനുമതികൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി അനുവദിച്ച് പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ ആധുനിക ഷിപ്പ് ബിൽഡിംഗ് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.
മിഷൻ സമുദ്ര ഒരു കപ്പൽനിർമാണ യൂണിറ്റിൽ മാത്രം ഒതുങ്ങുന്ന പദ്ധതിയല്ലെന്നും സർക്കാർ വ്യക്തമാക്കി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയെ കേന്ദ്രീകരിച്ച് കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ, മറൈൻ എഞ്ചിനീയറിംഗ്, തീരദേശ നിർമാണ യൂണിറ്റുകൾ, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ തുടങ്ങിയ അനുബന്ധ മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്രാധിഷ്ഠിത വ്യവസായ ശൃംഖലയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. ഈ ചർച്ചകളിലൂടെ സമീപഭാവിയിൽ കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെത്തുമെന്ന ആത്മവിശ്വാസവും സർക്കാർ പ്രകടിപ്പിച്ചു. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലെത്തുന്ന മുറയ്ക്ക് അതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.
കേരളത്തെ രാജ്യത്തെ മുൻനിര സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥകളിലൊന്നാക്കി ഉയർത്തുകയും അതുവഴി വലിയ തോതിൽ തൊഴിലവസരങ്ങളും വ്യവസായ വളർച്ചയും സൃഷ്ടിക്കുകയുമാണ് മിഷൻ സമുദ്രയുടെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് ആഗോള നിലവാരത്തിലുള്ള മത്സരക്ഷമമായ മാരിടൈം മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനുമുള്ള പ്രതിബദ്ധത സർക്കാർ ആവർത്തിച്ചു.
Summary: The Kerala government has clarified that the ₹10,000 crore figure mentioned under Mission Samudra refers to the cumulative investment potential from multiple projects and investors, not a single finalized deal. The initiative aims to transform Kerala into a major maritime and shipbuilding hub through integrated infrastructure and global investments.


