ന്യൂയോർക്ക്: അമേരിക്കൻ എഴുത്തുകാരി ഇ. ജീൻ കരോളിന് നൽകാനുള്ള നഷ്ടപരിഹാര തുക യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ കൈമാറി. മൂന്ന് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പലിശയടക്കം 5.62 ദശലക്ഷം ഡോളർ കരോളിന് ലഭിച്ചത്. 2023-ലെ സിവിൽ കോടതി വിധിയെ ചോദ്യം ചെയ്ത് ട്രംപ് സമർപ്പിച്ച അപ്പീൽ സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കരോളിന് കൈമാറാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടത്.(E Jean Carroll Receives 5 6 Million Dollars From Donald Trump In Sexual Abuse Case)
പണം കൈമാറിയ വിവരം വ്യക്തമാക്കിക്കൊണ്ട് “ദി ഈഗിൾ ഹാസ് ലാൻഡഡ്” എന്ന് കരോൾ തന്റെ ബ്ലോഗിലൂടെ വായനക്കാരെ അറിയിച്ചു. കേസിൽ തന്റെ നിയമസംഘത്തെ നയിച്ച റോബർട്ട കപ്ലാൻ ഉൾപ്പെടെയുള്ളവർക്ക് അവർ നന്ദി രേഖപ്പെടുത്തി. ഒപ്പം, വർഷങ്ങളായി ട്രംപിന് വേണ്ടി കോടതിയിൽ പ്രതിരോധം തീർത്ത മുൻ അഭിഭാഷക അലീന ഹബ്ബയ്ക്ക് പരിഹാസരൂപേണ പ്രത്യേക നന്ദിയും കരോൾ കുറിച്ചു. തുക ലഭിച്ചതോടെ ഈ വിജയം ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ളതാണെന്ന് കരോളിന്റെ അഭിഭാഷക പ്രതികരിച്ചു.
അപ്പീൽ നടപടികൾ പുരോഗമിക്കുന്നതിനാൽ കോടതിയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടിലാണ് ഈ തുക ഇത്രയും കാലം സൂക്ഷിച്ചിരുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രെസ്സിംഗ് റൂമിൽ വെച്ച് ഡൊണാൾഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നപ്പോൾ അപകീർത്തിപ്പെടുത്തിയെന്നുമാണ് 82-കാരിയായ കരോളിന്റെ പരാതി.
Story Summary
Exiled writer E. Jean Carroll has collected $5.62 million in damages and interest from US President Donald Trump following a 2023 federal jury verdict that found him liable for sexual abuse and defamation. The funds, previously held in a court-controlled escrow account, were disbursed after the US Supreme Court declined to hear Trump’s appeal.


