ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴുവയസ്സുകാരിയെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജ് നഗർ എക്സ്റ്റൻഷനിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ മിഠായികളും ലഘുഭക്ഷണങ്ങളും നൽകി പ്രലോഭിപ്പിച്ച് മാളിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേ മാളിൽ നിർമ്മാണ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്.(Seven Year Old Girl Found Dead In Mall Basement in Ghaziabad, Family Alleges Gangrape)
വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടുകാർ പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 1.10 ഓടെ മാളിന്റെ രണ്ടാമത്തെ ബേസ്‌മെന്റിൽ കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കുട്ടിയുടെ തലയിൽ മാരകമായ പരിക്കേറ്റിട്ടുണ്ടെന്നും ചോര വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പോലീസ് പറഞ്ഞു. ക്രൂരമായ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ ബലാത്സംഗവും മരണകാരണവും ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി എ.സി.പി അറിയിച്ചു.
Story Summary
A seven-year-old girl, daughter of construction laborers, was found dead with head injuries in the basement of an under-construction mall in Ghaziabad’s Raj Nagar Extension. While her family alleges she was lured with snacks, gang-raped, and murdered, the police have detained two suspects and are awaiting the post-mortem report to confirm sexual assault.

