ചെന്നൈ: കരൂർ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ പൊതുതാൽപ്പര്യ ഹർജി (Karur Stampede Case). മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ സന്ദർശിക്കാനിരിക്കെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സന്ദർശനവേളയിൽ മുഖ്യമന്ത്രി ഈ കുടുംബങ്ങൾക്ക് സർക്കാർ ജോലി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്.
മനിതനേയ ജനനായക കക്ഷി സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സീനി അഹമ്മദാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ ജോലി നൽകാനുള്ള നീക്കം ഭരണഘടനാപരമായ തുല്യതയ്ക്കും മെറിറ്റിനും നിരക്കുന്നതല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ടിഎൻപിഎസ്സി അടക്കമുള്ള സംവിധാനങ്ങളിലൂടെയുള്ള സാധാരണ റിക്രൂട്ട്മെന്റ് രീതികളെ ഇത് മറികടക്കുമെന്നും ഹർജിക്കാരൻ വാദിക്കുന്നു. സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ, സാക്ഷികളായ ഇവർക്ക് സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും അതിനാൽ ഈ നീക്കം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർക്കാണ് ജീവൻ നഷ്ടമായത്. ഡിഎംകെ ഭരണകാലത്തായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ സിബിഐ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ടിവികെയിലെ ഉന്നത നേതാക്കളും നിലവിൽ മന്ത്രിമാരുമായ പലരും കേസിൽ പ്രതിപ്പട്ടികയിലുണ്ട്.
ഇക്കാര്യത്തിൽ ഡിഎംകെയും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. അന്വേഷണം നടക്കുമ്പോൾ സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സിബിഐക്ക് കത്തയച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം നീക്കങ്ങൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തടയാനാണെന്ന് നിയമമന്ത്രി സിടിആർ നിർമ്മൽ കുമാർ ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ നിയന്ത്രിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
Summary: A public interest litigation has been filed in the Madras High Court to block the Tamil Nadu government from offering state jobs to families of the 41 victims of the Karur TVK rally stampede. The petitioner argues that such appointments violate recruitment norms and could interfere with the ongoing CBI investigation, as the families are material witnesses in the case, amidst speculation of an upcoming announcement by Chief Minister C. Joseph Vijay during his visit to the district.

