HomeKeralaമുടക്കോയ് മലയിലെ ഖനനം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ എം.എൽ.എയ്ക്ക് പരാതി നൽകി |...

മുടക്കോയ് മലയിലെ ഖനനം; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ എം.എൽ.എയ്ക്ക് പരാതി നൽകി | Illegal laterite quarrying Mudakkoy

റിപ്പോർട്ട്; അൻവർ ഷരിഫ്

വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന മുടക്കോയ് മലയിലെ നിയമവിരുദ്ധ ചെങ്കൽ ഖനനം മൂലം വലിയ ദുരന്ത ഭീഷണി ഉയരുന്ന സാഹചര്യത്തിൽ, ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പ്രദേശവാസികളും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം എം.എൽ.എ ടി.പി. അഷ്റഫലിക്ക് നിവേദനം നൽകി ( Illegal laterite quarrying Mudakkoy). കനത്ത കാലവർഷത്തിൽ ഖനനം മൂലം രൂപപ്പെട്ട കൂറ്റൻ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് താഴെ ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഖനനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി (SEAC) നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ, ഖനനം പാരിസ്ഥിതിക നിയമങ്ങൾ (EC) ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവുകളെയും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടുകളെയും അവഗണിച്ചുകൊണ്ട് ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് ജിയോളജി വകുപ്പ് സ്വീകരിക്കുന്നതെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും നിവേദനത്തിൽ ആരോപിക്കുന്നു. ഇതിനെതിരെ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാനും സംഘം തീരുമാനിച്ചു.

നേരത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ചേർന്ന് ഖനനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപകടസാധ്യത കണക്കിലെടുത്ത് NOC നിഷേധിച്ചിട്ടും, അത് മറികടന്ന് ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. 2024-ൽ എത്തിയ SEAC സാങ്കേതിക സംഘവും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, കേരള വനഗവേഷണ കേന്ദ്രം (KFRI) ശാസ്ത്രജ്ഞരും ഈ പ്രദേശം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്നതായും ജനങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വാർഡ് മെമ്പർമാരായ ലീല രാധാകൃഷ്ണൻ, സുഹറ, മുൻ മെമ്പർ മൂസക്കുട്ടി, ആർ.പി. ഹാരിസ്, ജമാൽ എക്സൽ, മുഹമ്മദ്, അൻവർ ഷെരീഫ് തുടങ്ങിയവർ എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Summary: Residents and panchayat representatives of Vazhakkad, Malappuram, have submitted a formal complaint to MLA T.P. Ashraf Ali regarding the illegal laterite quarrying at Mudakkoy Mala. Despite reports from the SEAC, Biodiversity Board, and KFRI highlighting severe environmental degradation and threats to public safety, the protesters allege that the Mining and Geology Department is failing to enforce regulations and continuing to issue mining permits in defiance of local government stop memos and district crisis management decisions.

Clickable Info Box