വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പഴങ്ങളോടും പച്ചക്കറികളോടും ഉള്ളതിനേക്കാൾ കൂടുതൽ സാമ്യം ഇത്തരം ഭക്ഷണങ്ങൾക്ക് സിഗരറ്റിനോടാണെന്നും, അതിനാൽ പുകയില ഉൽപ്പന്നങ്ങളെ നിയന്ത്രിക്കുന്നത് പോലെ ഇവയ്ക്കും കർശന നിയമങ്ങൾ ഏർപ്പെടുത്തണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആസക്തിയുണ്ടാക്കുന്ന രീതിയിലാണ് ഇത്തരം ഭക്ഷണങ്ങൾ നിർമ്മിക്കപ്പെടുന്നത്. മസ്തിഷ്കത്തിലെ റിവാർഡ് പാത്ത്വേകളെ (Reward pathways) ഉത്തേജിപ്പിച്ച് വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന വിദ്യയാണ് പുകയില കമ്പനികളെപ്പോലെ ഭക്ഷണ നിർമ്മാതാക്കളും പ്രയോഗിക്കുന്നത്. പുകവലി ഉപേക്ഷിക്കാൻ കഴിയാത്തതുപോലെ തന്നെ സോഡയും ഡോനട്ടും പോലുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കാൻ കഴിയാതെ ആളുകൾ ബുദ്ധിമുട്ടുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ആഷ്ലി ഗിയർഹാർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉൽപ്പന്നങ്ങളിൽ ‘പഞ്ചസാര കുറവ്’ അല്ലെങ്കിൽ ‘കൊഴുപ്പ് കുറവ്’ എന്ന് രേഖപ്പെടുത്തുന്നത് വെറും കബളിപ്പിക്കലാണെന്നും പഠനം വ്യക്തമാക്കുന്നു.
അമിതവണ്ണം, കാൻസർ, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പ്രധാന കാരണമാകുന്നു. ഇവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ കുറവാണെന്ന് മാത്രമല്ല, അമിതമായ അളവിൽ ഉപ്പ്, പഞ്ചസാര, കൃത്രിമ നിറങ്ങൾ എന്നിവ അടങ്ങിയിട്ടുമുണ്ട്. വ്യക്തികൾ സ്വയം നിയന്ത്രിക്കണം എന്ന് പറയുന്നതിന് പകരം, സിഗരറ്റിന്റെ കാര്യത്തിലെന്നപോലെ കമ്പനികളെ ഉത്തരവാദികളാക്കുന്ന നിയമനിർമ്മാണമാണ് ഇനി വേണ്ടതെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു. പുകയില വിരുദ്ധ പോരാട്ടങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഇത്തരം ഭക്ഷണങ്ങളുടെ കാര്യത്തിലും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഏതൊക്കെയാണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ?
വ്യാവസായികമായി നിർമ്മിക്കപ്പെടുന്ന പല ഭക്ഷണങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. ബേക്കറിയിൽ നിന്ന് ലഭിക്കുന്ന ബിസ്ക്കറ്റുകൾ, കേക്കുകൾ, പാക്കറ്റിൽ ലഭിക്കുന്ന ചിപ്സുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ചിക്കൻ നഗ്ഗറ്റ്സ് പോലുള്ള സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ കുട്ടികൾക്ക് നൽകുന്ന ഫോർമുല മിൽക്ക്, ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ എന്നിവയും ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
Summary: Researchers urge authorities to regulate ultra-processed foods like tobacco products, citing their addictive nature and severe long-term health risks equivalent to smoking.

