ചെന്നൈ: കരുർ അപകടത്തിൽ സാക്ഷികളെ തമിഴ്നാട് സർക്കാരിലെ ടിവികെ മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. കേസിൽ പ്രതികളായ മന്ത്രിമാർ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് നാളെ (ജൂലൈ 7) വാദം കേൾക്കും (Karur Stampede Case). സാക്ഷികൾക്ക് സംരക്ഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതികളായ മന്ത്രിമാർ സാക്ഷികളെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ ഡിഎംകെ നേതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമ്മദി കോടതിയിൽ വാദിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവും ജോലിയും നൽകുന്നതിന്റെ പേരിൽ ജൂലൈ 10-ന് കരുരിൽ മുഖ്യമന്ത്രി വിജയ് സന്ദർശനം നടത്താനിരിക്കെയാണ് ഈ ആരോപണം. ഇരകളുടെ കുടുംബങ്ങൾ കേസിലെ നിർണ്ണായക സാക്ഷികൾ കൂടിയായതിനാൽ, അവരുമായി പ്രതികൾ നേരിട്ട് ഇടപഴകുന്നത് അന്വേഷണത്തെ അട്ടിമറിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരുർ ജില്ലയിൽ വിജയ് നടത്തിയ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കരത്തിരക്കിൽ 41 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ഡിഎംകെ ആരോപിക്കുമ്പോൾ, തനിക്കെതിരായ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് വിജയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പബ്ലിക് വർക്ക്സ് മന്ത്രി ആധവ് അർജുന നടത്തിയ വിവാദ പ്രസ്താവനകളും ഡിഎംകെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികളായ മന്ത്രിമാർ സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നത് തടയണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.
Summary: The Supreme Court is set to hear a plea on July 7 alleging that ministers from Chief Minister Vijay’s TVK party are attempting to influence witnesses in the ongoing CBI probe into the Karur stampede case. The petition, filed by a DMK leader, seeks witness protection and raises concerns over ministers interacting with families who are also key witnesses. The tragedy, which claimed 41 lives during a 2025 campaign rally, remains a central point of political contention between the TVK and DMK, with ongoing legal battles over the conduct of the investigation and the nature of compensation distribution.

