ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ 22 വയസ്സുകാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റ് മരിച്ചു (Delivery Agent Murder). പട്‌പർഗഞ്ച് സ്വദേശിയായ അരുൺ രാജ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അരുണുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകായുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു അരുൺ രാജ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ അരുണിന്റെ കഴുത്തിലും നെഞ്ചിലും ഒന്നിലധികം കുത്തേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് കൗമാരക്കാരെയും പിടികൂടാനായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Summary: A 22-year-old delivery agent was stabbed to death by three minors in Delhi’s Pandav Nagar following a brief altercation.



