തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഫെബ്രുവരി 3-ന് (ചൊവ്വാഴ്ച) സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും കരിദിനം ആചരിക്കാൻ സിപിഐ എം തീരുമാനിച്ചു (CPIM Black Day Kerala). കേരളം എന്നൊരു സംസ്ഥാനത്തെ ഭൂപടത്തിൽ കേന്ദ്രം കാണുന്നില്ലെന്ന രീതിയിലുള്ള സമീപനമാണ് ബജറ്റിലുടനീളമെന്ന് പാർട്ടി ആരോപിച്ചു.
പ്രധാന പ്രതിഷേധ വിഷയങ്ങൾ:
കേരളം സമർപ്പിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. എയിംസ് (AIIMS), വിഴിഞ്ഞം പാക്കേജ്, ആയുർവേദ എയിംസ് എന്നിവ ഇത്തവണയും അവഗണിക്കപ്പെട്ടു. രാജ്യത്ത് പ്രഖ്യാപിച്ച 7 അതിവേഗ ഇടനാഴികളിലും കേരളത്തെ ഉൾപ്പെടുത്തിയില്ല. റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ചും പരാമർശമില്ല.
തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചതും റബ്ബർ വില സ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കാത്തതും കേരളത്തിലെ സാധാരണക്കാരെയും കർഷകരെയും നേരിട്ട് ബാധിക്കും. ആശാ വർക്കർമാർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് സ്കീം വർക്കർമാരെ ബജറ്റ് പൂർണ്ണമായും കൈവിട്ടു.
പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ, വൻകിട കമ്പനികളുടെ നികുതി കുറച്ച് കോർപ്പറേറ്റുകളെ സഹായിക്കുകയാണെന്ന് സിപിഐ എം കുറ്റപ്പെടുത്തി. ഈ ജനദ്രോഹ ബജറ്റിനെതിരെ അണിനിരക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും പാർട്ടി അഭ്യർത്ഥിച്ചു.

