Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala
HomeKerala"യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാർ"; വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത...

“യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാർ”; വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എം വി ഗോവിന്ദൻ | M V Govindan

🎙️ Latest Podcast

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോൾ തന്നെ വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീതദാസന്മാരുടെ സർക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M V Govindan). ബിജെപിക്ക് സംസ്ഥാനത്ത് മൂന്ന് എംഎൽഎമാരാണുള്ളതെങ്കിലും, യുഡിഎഫ് സർക്കാർ അവരുടെ അജണ്ടയാണ് സംസ്ഥാന ഭരണത്തിൽ നടപ്പാക്കുന്നത്. ആർഎസ്എസിനോടുള്ള തങ്ങളുടെ വിധേയത്വം പ്രഖ്യാപിക്കാൻ ഓരോ മന്ത്രിമാരും പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പിഎംഎവൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ലോഗോയും വെക്കുന്നതിനെ മന്ത്രി കെ എം ഷാജി ന്യായീകരിച്ചതിനെ എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. മുൻപ് എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചപ്പോഴും ഒരു വീടുകളിൽ പോലും മോദിയുടെ ചിത്രം വെക്കാൻ തയ്യാറായിരുന്നില്ല. ഇത് ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ് ഷാജി ഇതിനെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തും സർവകലാശാലകളിലും സംഘപരിവാർ അജണ്ട നടപ്പാക്കുന്നവരെയാണ് ഗവർണർ താൽക്കാലിക വൈസ് ചാൻസലർമാരായി നിയമിക്കുന്നത്. എംജി സർവകലാശാലയിൽ 19 സംഘപരിവാറുകാരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ ഒരക്ഷരം പോലും മിണ്ടിയില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണും, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനും പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി തന്നെ രംഗത്തുവന്ന കാര്യം എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. മണ്ഡല പുനർവിഭജനം നടക്കാനിരിക്കെ സംഘപരിവാർ അനുകൂലിയായ ഒരാളെ ഈ പദവിയിൽ ഇരുത്തിയത് മന്ത്രിമാർ പോലും അറിഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് തന്നെ ആരോപിച്ചത്. യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലും ബജറ്റിലും പ്രതിഫലിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് വിൽക്കാനുള്ള സ്വകാര്യവൽക്കരണ നയമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പഠനശിബിരം കെപിസിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇനി എപ്പോഴാണ് കോൺഗ്രസ് തങ്ങളുടെ ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുക എന്ന് മാത്രമേ അറിയാനുള്ളൂ. കഴിഞ്ഞ പത്തുവർഷവും കേന്ദ്രത്തിന്റെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്താണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയതെങ്കിൽ, യുഡിഎഫ് സർക്കാർ വെറും ഒരുമാസം കൊണ്ട് ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുകയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

Story Summary: CPIM State Secretary M V Govindan heavily criticized the V D Satheesan-led UDF government, calling it a servant of the Sangh Parivar. He accused UDF ministers of implementing BJP’s agendas in Kerala within just one month of coming to power.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.