കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അപൂർവ്വമായി കണ്ടുവരുന്ന കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ് രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഇത് പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.(Kawasaki disease death in Kozhikode and Shigella case in Kollam)
കവാസാക്കി രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അഞ്ച് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി, ജലദോഷം, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഇതിനൊപ്പം കണ്ണും നാക്കും ചുവന്നുപോവുക, കഴുത്തിൽ വീക്കം, ശരീരത്തിൽ നീർക്കെട്ട് എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
രക്തപരിശോധനയിലൂടെയോ മറ്റ് ലബോറട്ടറി പരിശോധനകളിലൂടെയോ ഈ രോഗം കൃത്യമായി കണ്ടെത്താൻ കഴിയില്ലെന്നതാണ് ഇതിന്റെ വെല്ലുവിളി; രോഗലക്ഷണങ്ങൾ വിലയിരുത്തിയാണ് ഡോക്ടർമാർ രോഗനിർണയം നടത്തുന്നത്. രോഗം മൂർച്ഛിച്ചാൽ ഹൃദയധമനികളുടെ പ്രവർത്തനം തകരാറിലാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഒരു ഹൗസ് സർജന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Story Summary
A nine-year-old girl, Aisha Helna, has passed away in Kozhikode due to Kawasaki disease, though health officials have urged the public not to panic, stating it is not contagious. Meanwhile, a house surgeon at the Paripally Medical College in Kollam has been diagnosed with Shigella, leading to intensified preventive measures and observation of those who came in contact with the patient.

