ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ രാഷ്ട്രീയ മാറ്റത്തിന് വഴിതുറന്നുകൊണ്ട് ഡിഎംകെയുമായുള്ള ഒൻപത് വർഷത്തെ സഖ്യം എംഡിഎംകെ ഔദ്യോഗികമായി അവസാനിപ്പിച്ചു (MDMK Quits DMK Alliance). പാർട്ടി ജനറൽ കൗൺസിൽ യോഗത്തിന് ശേഷമാണ് വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ ഈ തീരുമാനമെടുത്തത്. ഡിഎംകെ സഖ്യം എംഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും, എഐഎഡിഎംകെയെ അധികാരത്തിൽ കൊണ്ടുവരാൻ ഡിഎംകെ രഹസ്യനീക്കം നടത്തുന്നുവെന്നും ആരോപിച്ചാണ് പാർട്ടി സഖ്യം വിടുന്നത്.
മുഖ്യമന്ത്രി ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെ പ്രമേയത്തിലൂടെ സ്വാഗതം ചെയ്തെങ്കിലും, ഔദ്യോഗികമായി ടിവികെ സഖ്യത്തിൽ ചേരുന്ന കാര്യം എംഡിഎംകെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ടിവികെയുമായി അടുക്കാൻ പാർട്ടി ശ്രമിക്കുന്നതിന്റെ സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിൽ നിന്ന് എംഡിഎംകെ വിട്ടുനിന്നതും, വൈക്കോയും മകൻ ദുരൈ വൈക്കോയും മുഖ്യമന്ത്രി വിജയിയുമായി നടത്തിയ കൂടിക്കാഴ്ചകളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതേസമയം, എംഡിഎംകെയുടെ ഈ നീക്കം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കും വഴിതുറന്നിട്ടുണ്ട്. ഡിഎംകെയുടെ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച രണ്ട് എംഡിഎംകെ എംഎൽഎമാർ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല. അവർ ഡിഎംകെയിൽ തന്നെ തുടരുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ഇതോടെ എംഡിഎംകെ ടിവികെ പക്ഷത്തേക്ക് മാറിയാലും സർക്കാരിന്റെ നിയമസഭയിലെ അംഗബലത്തിൽ തൽക്കാലം വർദ്ധനവ് ഉണ്ടാവില്ല.
വൈക്കോയുടെ മകൻ ദുരൈ വൈക്കോയെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവന്നതാണ് എംഡിഎംകെയുടെ തകർച്ചയ്ക്ക് കാരണമെന്ന് ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുല്ല ആരോപിച്ചു. നേരത്തെ ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയുടെ വിശ്വസ്തനായിരുന്ന വൈക്കോ, 1993-ൽ പാർട്ടിയിൽ നിന്ന് പുറത്തായതിന് ശേഷമാണ് എംഡിഎംകെ രൂപീകരിച്ചത്. സ്റ്റാലിന്റെ വളർച്ചയ്ക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് വൈക്കോയെ പുറത്താക്കിയതെന്നത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു.
പുതിയ സാഹചര്യത്തിൽ കോൺഗ്രസ്, വിസികെ (VCK), ഐയുഎംഎൽ (IUML) എന്നിവർ ടിവികെ സർക്കാരിന്റെ സഖ്യകക്ഷികളായി തുടരുമ്പോൾ, സിപിഐ, സിപിഎം എന്നീ പാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണ നൽകുന്നു. ഡിഎംകെ തനിച്ച് മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ തന്നെ ശക്തമാകുന്നതിനിടയിലാണ് എംഡിഎംകെയുടെ ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.
Summary: In a major political realignment in Tamil Nadu, the MDMK has formally ended its nine-year alliance with the DMK, citing internal efforts to weaken the party and alleged secret dealings with the AIADMK. While the party welcomed Chief Minister Joseph Vijay’s TVK-led government, it stopped short of formally joining the TVK front.


